കേന്ദ്രസര്‍ക്കാരിന് തിരിച്ചടി ; അലോക് വര്‍മ്മ വീണ്ടും സിബിഐ ഡയറക്ടര്‍ ; മാറ്റിയ നടപടി സുപ്രിംകോടതി റദ്ദാക്കി

അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്തും നിന്നും നീക്കിയ നടപടി സുപ്രിംകോടതി റദ്ദാക്കി. അലോക് വര്‍മ്മയെ മാറ്റാനാകില്ലെന്ന് കോടതി
കേന്ദ്രസര്‍ക്കാരിന് തിരിച്ചടി ; അലോക് വര്‍മ്മ വീണ്ടും സിബിഐ ഡയറക്ടര്‍ ; മാറ്റിയ നടപടി സുപ്രിംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി : സിബിഐ ഡയറക്ടറെ മാറ്റിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്തും നിന്നും നീക്കിയ നടപടി സുപ്രിംകോടതി റദ്ദാക്കി. അലോക് വര്‍മ്മയെ മാറ്റാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വര്‍മ്മയെ സിബിഐ തലപ്പത്ത് വീണ്ടും നിയമിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ അസാന്നിധ്യത്തില്‍ ജസ്റ്റിസ് എസ് കെ കൗളാണ് വിധി പുറപ്പെടുവിച്ചത്. 

​സിബിഐ ഡയറക്ടറെ നിയമിക്കുന്നത് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട ഉന്നതതല സെലക്ഷന്‍ കമ്മറ്റിയാണ്. സിബിഐ ഡയറക്ടറെ മാറ്റാനും ഈ സെലക്ഷന്‍ കമ്മിറ്റിക്കേ കഴിയൂ എന്ന അലോക് വര്‍മയുടെ വാദം സുപ്രിംകോടതി ശരിവെച്ചു. അഴിമതി ആരോപണത്തെ തുടർന്നാണ് നടപടിയെങ്കിൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഉന്നത തല സെലക്ഷൻ കമ്മിറ്റി വിളിച്ചു ചേർത്താണ് നടപടി എടുക്കേണ്ടത്.  അല്ലാതെ കേന്ദ്രസർക്കാർ ഏകപക്ഷീയമായി നടപടി സ്വീകരിക്കുന്നത് അം​ഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. 

അതേസമയം  അലോക് വർമ്മക്കെതിരായ കേസിൽ റിപ്പോർട്ട് വരും വരെ, നയപരമായ കാര്യങ്ങളിൽ വർമ്മ  നടപടികൾ എടുക്കരുതെന്നും സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. അലോക് വര്‍മ്മക്കെതിരായ ആരോപണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങുന്ന ഉന്നത തല സമിതി ഒരാഴ്ചയ്ക്കകം യോഗം ചേര്‍ന്ന് വിലയിരുത്തണം. അലോക് വര്‍മ്മയുടെ കേസിലെ സിവിസി റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് വേണം സമിതി തീരുമാനമെടുക്കേണ്ടത്. അലോക് വര്‍മ്മ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തുടരണോ എന്ന കാര്യത്തില്‍ ഈ സമിതി തീരുമാനമെടുക്കണം. അതുവരെ അലോക് വര്‍മ്മ ഡയറക്ടര്‍ സ്ഥാനത്ത് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കരുതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
 

കേന്ദ്രസർക്കാരിന് ഏറെ  താൽപ്പര്യമുള്ള കേസിലാണ് സുപ്രിംകോടതിയിൽ നിന്നും തിരിച്ചടി നേരിട്ടത്. അലോക് വര്‍മ തിരികെ ഡയറക്ടർ സ്ഥാനത്തേക്ക് വന്നാലും സുപ്രധാനപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്ന കോടതിയുടെ ഉപാധി സര്‍ക്കാരിന് താത്ക്കാലിക ആശ്വാസം നല്‍കുന്നുണ്ട്. 

തന്നെ ഡയറക്ടര്‍ പദവിയില്‍ നിന്നും മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയാണ് കോടതിയെ സമീപിച്ചത്. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയും, സ്‌പെഷല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ചുമതലകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വര്‍മ്മ ഹര്‍ജി നല്‍കിയത്. 

ഗുജറാത്തിലെ സ്റ്റെര്‍ലിങ് ബയോടെക്കില്‍നിന്ന് കോഴ വാങ്ങിയതിന് മൂന്ന് ഉന്നത ആദായനികുതി ഉദ്യോഗസ്ഥര്‍ക്കെതിരേ സി.ബി.ഐ.യുടെ ഡല്‍ഹി ഘടകം കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 30-ന് കേസെടുത്തിരുന്നു. ഈ ആദായനികുതി ഉദ്യോഗസ്ഥര്‍ സന്ദേസര ഗ്രൂപ്പ് കമ്പനിയില്‍ 2011-ല്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത ഡയറിയില്‍, അന്ന് സൂറത്തിലെ പോലീസ് കമ്മിഷണറായിരുന്നു അസ്താനയുള്‍പ്പെടെയുള്ളവർക്ക്‌ പണം നൽകിയതിന്റെ വിവരങ്ങളുണ്ട്. അസ്താനയ്ക്ക്‌ കൈക്കൂലി നല്‍കിയതായി ഹൈദരാബാദിലെ വ്യവസായി സതീഷ് സന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരേ വര്‍മ കേസെടുത്തത്. ഒക്ടോബറിലാണ് രാകേഷ് അസ്താന കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്.

ഇതിനിടെ  മാംസവ്യാപാരി മൊയിന്‍ ഖുറേഷിക്കെതിരായ കേസ് ഒതുക്കി തീർക്കാൻ ഇടനിലക്കാരനായ സതീഷ് സനയില്‍ നിന്നും അലോക് വര്‍മ്മ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി രാകേഷ് അസ്താനയും രം​ഗത്തെത്തി. അലോക് വർമക്കെതിരെ അസ്താന വിജിലൻസ് കമ്മീഷന് പരാതി നൽകുകയും ചെയ്തു. അലോക് വര്‍മ്മക്കെതിരെ രാകേഷ് അസ്താന നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ സിവിസി അതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു.

അലോക് വര്‍മ്മക്ക് ക്‌ളീന്‍ ചിറ്റ് നല്‍കാതെയുളള റിപ്പോര്‍ട്ടാണ് സിവിസി നല്‍കിയത്. ഇരുവരുടെയും തർക്കം സിബിഐയുടെ പ്രതിച്ഛായയെ ബാധിച്ചതോടെയാണ് ഒക്ടോബർ 23  ന് ആരോപണ വിധേയരായ അലോക് വർമ്മയെയും രാകേഷ് അസ്താനയെയും സിബിഐയിൽ നിന്നും കേന്ദ്രസർക്കാർ മാറ്റിയത്. ഇരുവരോടും നിർബന്ധിത അവധിയിൽ പോകാൻ നിർദേശിക്കുകയായിരുന്നു. സിബിഐ ഡയറക്ടറെ മാറ്റിയത് റഫാല്‍ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com