സാമ്പത്തിക സംവരണം തെരഞ്ഞെടുപ്പു തന്ത്രം; ചര്‍ച്ചയില്ലാതെ നടപ്പാക്കരുതെന്ന് സിപിഎം

സാമ്പത്തിക സംവരണം ലഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാവപ്പെട്ടവര്‍ക്കു തന്നെയാണോ അതിന്റെ ഗുണം കിട്ടുകയെന്ന സംശയമുളവാക്കുന്നതാണ്
സാമ്പത്തിക സംവരണം തെരഞ്ഞെടുപ്പു തന്ത്രം; ചര്‍ച്ചയില്ലാതെ നടപ്പാക്കരുതെന്ന് സിപിഎം

ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും പത്തു ശതമാനം സംവരണം കൊണ്ടുവരാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പു തന്ത്രമെന്ന് സിപിഎം. രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു നീക്കം നടത്തുന്നതെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

സാമ്പത്തിക സംവരണം മണ്ഡല്‍ കമ്മിഷന്‍ കാലം മുതല്‍ ചര്‍ച്ചയിലുള്ള കാര്യമാണ്. അത് അനിവാര്യം എന്നു തന്നെയാണ് സിപിഎം നിലപാട്. ഈ നിലപാടാണ് പാര്‍ട്ടി എന്നും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം യാതൊരു ചര്‍ച്ചകളും നടത്താതെയാണ്. സാമ്പത്തിക സംവരണം ലഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാവപ്പെട്ടവര്‍ക്കു തന്നെയാണോ അതിന്റെ ഗുണം കിട്ടുകയെന്ന സംശയമുളവാക്കുന്നതാണ്. എട്ടു ലക്ഷത്തിനു മുകളില്‍ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കു സംവരണ ആനുകൂല്യം കിട്ടില്ലെന്നാണ് മാനദണ്ഡം. രണ്ടു ദിവസമായി നടക്കുന്ന പൊതുപണിമുടക്കില്‍ തൊഴിലാളികള്‍ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങളില്‍ ഒന്ന് മിനിമം വേതനം 18,000 ആക്കണമെന്നാണ്. അതായത് വാര്‍ഷിക വരുമാനം 2.16 ലക്ഷം രൂപ. അതുപോലും നല്‍കാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

പാവപ്പെട്ടവര്‍ക്കു സംവരണം എന്ന ആവശ്യത്തില്‍ ഇക്കാലമത്രയും ഒരു നടപടിയും സ്വീകരിക്കാതിരിക്കുകയായിരുന്നു സര്‍ക്കാര്‍. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെയാണ് ഇപ്പോള്‍ ഇങ്ങനെയൊരു നീക്കം നടത്തുന്നത്. 

സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്യണം. ഇതു സമയമെടുക്കുന്ന പ്രക്രിയയാണ്. ഭൂരിഭാഗം സംസ്ഥാന നിയമസഭകളും അംഗീകരിച്ചാലേ നിയമം പ്രാബല്യത്തില്‍ വരൂ. അതിനുള്ള ചര്‍ച്ചകളൊന്നും നടത്താതെ തിരക്കിട്ട് തീരുമാനമെടുത്തതിലൂടെ തെരഞ്ഞെടുപ്പു നേട്ടം മാത്രമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നു വ്യക്തമാണ്. ഇത്തരത്തിലൊരു ഭരണഘടനാ ഭേദഗതി വരുത്തുന്നതിനുമുമ്പ് വിപുലമായ ചര്‍ച്ചകള്‍ നടത്തണമെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com