പാക്കിസ്ഥാന് അതിവേ​ഗ മിസൈൽ നൽകാനൊരുങ്ങി ചൈന; കരുതലോടെ ഇന്ത്യ

ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സിഎം-302 എന്ന സൂപ്പണ്‍ സോണിക് മിസൈലാണ് ചൈന പാക്കിസ്ഥാന് കൈമാറാനൊരുങ്ങുന്നത്
പാക്കിസ്ഥാന് അതിവേ​ഗ മിസൈൽ നൽകാനൊരുങ്ങി ചൈന; കരുതലോടെ ഇന്ത്യ

ന്യൂഡല്‍ഹി: പാക്കിസ്ഥാന് അതിവേഗ മിസൈല്‍ കൈമാറാനൊരുങ്ങി ചൈന. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സിഎം-302 എന്ന സൂപ്പണ്‍ സോണിക് മിസൈലാണ് ചൈന പാക്കിസ്ഥാന് കൈമാറാനൊരുങ്ങുന്നത്. ചൈനയുടെ കൈവശമുള്ള വൈജെ-12 എന്ന മിസൈലിന്റെ മറ്റൊരു വകഭേദമാണ് സിഎം-302 മിസൈല്‍. പാക്കിസ്ഥാന് വേണ്ടി ചൈന നിര്‍മിക്കുന്ന നാല് അത്യാധുനിക യുദ്ധക്കപ്പലുകളിലെ പ്രധാന ആയുധം ഈ മിസൈലായിരിക്കുമെന്നാണ് സൂചന.

ഇന്ത്യയ്ക്ക് പുതിയ ഭീഷണിയൊരുക്കുന്നതാണ് ചൈനയുടെ നീക്കമെന്ന വിലയിരുത്തലുകളുണ്ട്. ഇന്ത്യയുടെ പക്കലുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈലിന് മറുപടിയായാണ് ചൈന ഈ മിസൈല്‍ പാക്കിസ്ഥാന് കൈമാറുന്നതെന്നാണ് വിവരം. ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലുകളില്‍ പലതിലും ബ്രഹ്മോസ് മിസൈലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. 2005 മുതല്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയ്ക്ക് ഇതുമൂലമുണ്ടായിരുന്ന മേല്‍ക്കൈ ഇല്ലാതാക്കുക എന്ന ലക്ഷ്യവും ചൈനക്കുണ്ടെന്നാണ് വിലയിരുത്തല്‍. 

2021ല്‍ ചൈന പാക്കിസ്ഥാന് അതിവേഗ മിസൈല്‍ ഘടിപ്പിച്ച പടക്കപ്പലുകള്‍ കൈമാറും. ഇതോടെ പാക് നാവിക സേന കൂടുതല്‍ കരുത്തരാകുമെന്നാണ് വിലയിരുത്തല്‍. ശബ്ദത്തേക്കാള്‍ മൂന്നുമടങ്ങു മുതല്‍ നാലുമടങ്ങ് വേഗം വരെ കൈവരിക്കാന്‍ കഴിയുന്ന മിസൈലാണ് ഇത്. കപ്പലുകളെ തകര്‍ക്കാന്‍ ചൈന ഉണ്ടാക്കിയിട്ടുള്ളതില്‍ ഏറ്റവും അപകടകാരിയാണ് സിഎം-302 എന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. 

ഇന്തോനേഷ്യയ്ക്ക് ബ്രഹ്മോസ് മിസൈല്‍ നല്‍കാന്‍ ഇന്ത്യ തീരുമാനിക്കന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് മിസൈല്‍ പാക്കിസ്ഥാന് നല്‍കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

അതേസമയം ആയുധ കൈമാറ്റം സൂഷ്മമായ നിരീക്ഷിച്ചുവരികയാണെന്നും മിസൈല്‍ ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ ലക്ഷ്യസ്ഥാനങ്ങളെ സിഎം-302 മിസൈലിനായി നിശ്ചയിക്കാന്‍ പര്യാപ്തമായ സെന്‍സറുകള്‍ പാക്കിസ്ഥാന്റെ പക്കലില്ല എന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ലക്ഷ്യങ്ങള്‍ നിര്‍ണയിക്കാനുള്ള കൃത്യമായ വിവരങ്ങള്‍, നിരീക്ഷണത്തിനുള്ള ശേഷി, നാവികസേനയുടെ കേന്ദ്രങ്ങളെ ആക്രമണങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തുന്ന ഇലക്ട്രോണിക് സംവിധാനങ്ങളെ തകര്‍ക്കാനുള്ള ശേഷി ഇവയൊന്നും പാക്കിസ്ഥാന് നിലവിലില്ല. സിഎം-302 മിസൈല്‍ ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കുന്നതിന് മുമ്പ് ഇവയിലെല്ലാം കൃത്യത ഉണ്ടാകണമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com