മമതയ്ക്ക് തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് എംപി ബിജെപിയില്‍ 

ബംഗാളിലെ ബിഷ്‌നുപൂര്‍ മണ്ഡലത്തില്‍ നിന്നുളള തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗമിത്ര ഖാനാണ് ബിജെപിയില്‍ ചേര്‍ന്നത്
മമതയ്ക്ക് തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് എംപി ബിജെപിയില്‍ 

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗം ബിജെപിയില്‍ ചേര്‍ന്നു. ബംഗാളിലെ ബിഷ്‌നുപൂര്‍ മണ്ഡലത്തില്‍ നിന്നുളള തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗമിത്ര ഖാനാണ് ബിജെപിയില്‍ ചേര്‍ന്നത്. ബംഗാള്‍ പിടിച്ചെടുക്കുക എന്ന ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയില്‍ ചേരുന്ന ആദ്യ തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭ എംപിയാണ് സൗമിത്ര ഖാന്‍. നരേന്ദ്രമോദിയും അമിത് ഷായും നേതൃത്വം നല്‍കുന്ന ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായി സൗമിത്ര ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ബംഗാളില്‍ പൊലീസ് രാജും സിന്‍ഡിക്കേറ്റ് രാജുമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബംഗാളിലെ ക്രമസമാധാനനില ഓരോ ദിവസം കഴിയുന്തോറും വഷളായി വരികയാണ്. കൊലപാതകങ്ങളുടെയും ബോംബേറിന്റെയും വാര്‍ത്തകളാണ് സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ടു ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

നവംബര്‍ 2017ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ രണ്ടാമന്‍ എന്നറിയപ്പെട്ടിരുന്ന മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. രാജ്യസഭ എംപിയായിരുന്നു അന്ന് മുകുള്‍ റോയ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com