ഹിന്ദുത്വത്തിന്റെ കീഴില്‍ മുസ്ലീങ്ങള്‍ രണ്ടാംകിട പൗരന്മാരായി; ഐഎഎസ് ഒന്നാം റാങ്കുകാരന്‍ രാജിവെച്ചു, രാഷ്ട്രീയത്തിലേക്ക് 

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസല്‍ ഐഎഎസ് രാജിവെച്ചു
ഹിന്ദുത്വത്തിന്റെ കീഴില്‍ മുസ്ലീങ്ങള്‍ രണ്ടാംകിട പൗരന്മാരായി; ഐഎഎസ് ഒന്നാം റാങ്കുകാരന്‍ രാജിവെച്ചു, രാഷ്ട്രീയത്തിലേക്ക് 

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസല്‍ ഐഎഎസ് രാജിവെച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ചേരുന്നതിന്റെ ഭാഗമായാണ് ഐഎഎസില്‍ നിന്നുളള രാജി. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ വൈകാതെ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കശ്മീരില്‍ നിന്നുളള ഐഎഎസുകാരനായ ഷാ ഫൈസല്‍ കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ നിശിതമായി വിമര്‍ശിച്ച് ട്വിറ്ററിലുടെയാണ് രാജിക്കാര്യം അറിയിച്ചത്. കശ്മീരില്‍ വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ഷാ ഫൈസല്‍ മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നും കുറ്റപ്പെടുത്തി. 

രാജ്യത്തെ 20 കോടിയില്‍പ്പരം വരുന്ന മുസ്ലീം സമൂഹം പാര്‍ശ്വവത്കരിക്കപ്പെടുകയാണ്.ഹിന്ദുത്വ ശക്തികളുടെ കീഴില്‍ രണ്ടാംകിട പൗരന്മാരായാണ് മുസ്ലിങ്ങളെ കാണുന്നത്. വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയിലും വിദ്വേഷത്തിലുമുളള പ്രതിഷേധ സൂചകമായാണ് തന്റെ രാജിയെന്നും ഷാ ഫൈസല്‍ പറഞ്ഞു.

ഡോക്ടറായിരുന്ന ഷാ ഫൈസല്‍ 2009ലാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ജമ്മു കശ്മീര്‍ പവര്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് സേവനം അനുഷ്ഠിക്കവേ, ഉപരിപഠനത്തിനായി അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പോയിരിക്കുകയാണ് ഷാ. ജൂണില്‍ തിരിച്ച് സര്‍വീസില്‍ കയറാനിരിക്കേയാണ് രാജി. ഷായുടെ തീരുമാനത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളള സ്വാഗതം ചെയ്തു. ബ്യൂറോക്രസിയുടെ ഒരു നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടമാണെന്ന് ഒമര്‍ അബ്ദുളള പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com