അയോധ്യ കേസ് :ഭരണഘടനാബെഞ്ചില്‍ നിന്നും ജസ്റ്റിസ് യുയു ലളിത് പിന്മാറി ; കേസ് 29 ലേക്ക് മാറ്റി

കേസ് പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റി ചീഫ് ജസ്റ്റിസ് ഉത്തരവ് പുറപ്പെടുവിച്ചു
അയോധ്യ കേസ് :ഭരണഘടനാബെഞ്ചില്‍ നിന്നും ജസ്റ്റിസ് യുയു ലളിത് പിന്മാറി ; കേസ് 29 ലേക്ക് മാറ്റി

ന്യൂഡല്‍ഹി : അയോധ്യാക്കേസ് പരിഗണിക്കുന്നതില്‍ നിന്നും ഭരണഘടനാബെഞ്ചിലെ ഒരു ജഡ്ജി പിന്മാറി. ജസ്റ്റിസ് യുയു ലളിത് ആണ് പിന്മാറിയത്. ഭരണഘടനാബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്ന ലളിതിനെതിരെ മുസ്ലിം സംഘടനയായ സുന്നി വഖഫ് ബോര്‍ഡാണ് എതിര്‍പ്പ് അറിയിച്ചത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കുന്നതിനിടെ വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനായ രാജീവ് ധവാനാണ് കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. 

അയോധ്യ കേസില്‍ നേരത്തെ യുപി മുഖ്യമന്ത്രിയായിയിരുന്ന കല്യാണ്‍ സിംഗിന് വേണ്ടി അന്ന് അഭിഭാഷകനായിരുന്ന ലളിത് ഹാജരായിട്ടുണ്ടെന്ന് രാജീവ് ധവാന്‍ കോടതിയെ അറിയിച്ചു. അതിന്റെ രേഖകളും അദ്ദേഹം ചീഫ് ജസ്റ്റിസിന് കൈമാറി. ഇതിന് പിന്നാലെ കേസ് കേള്‍ക്കുന്നതില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന് ജസ്റ്റിസ് ലളിത് ചീഫ് ജസ്റ്റിസിനെ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റി ചീഫ് ജസ്റ്റിസ് ഉത്തരവ് പുറപ്പെടുവിച്ചു. 

ജസ്റ്റിസ് യുയു ലളിത്
ജസ്റ്റിസ് യുയു ലളിത്


കേസില്‍ വാദം കേള്‍ക്കുന്നതില്‍ പിന്മാറാനുള്ള തീരുമാനത്തെ ഭരണഘടനാബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാരും പിന്തുണച്ചു. ഇതോടെ ലളിതിന് പകരം മറ്റൊരു ജഡ്ജിയെ ഭരണഘടനാബെഞ്ചില്‍ ഉള്‍പ്പെടുത്തി ബെഞ്ച് പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ ഇന്ന് വാദം കേള്‍ക്കല്‍ തീയതി പ്രഖ്യാപിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഇതിന് ശേഷമാണ് ഉഈ മാസം 29 ലേക്ക് കേസ് മാറ്റുന്നത് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ഭരണഘടനാബെഞ്ചിലെ പുതിയ ജഡ്ജിയെ ചീഫ് ജസ്റ്റിസ് ഉടന്‍ തന്നെ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കും. 

അയോധ്യ കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാവിഷയങ്ങളും അന്തിമവാദത്തിന്റെ തീയതിയും പരിഗണിക്കാനാണ് കോടതി ഇന്ന് ചേര്‍ന്നത്. എന്നാല്‍ കേസില്‍ വാദം തുടങ്ങാന്‍ സജ്ജമാണെന്ന് രാജീവ് ധവാന്‍ കോടതിയെ അറിയിച്ചു. അപ്പോള്‍ കേസ് പരിഗണിക്കുന്ന തീയതി തീരുമാനിക്കാനാണ് ഇന്ന് ചേരുന്നതെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. പൊതുതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യ്ത്തില്‍ കേസില്‍ അതിവേഗം വാദം കേട്ട് വിധി പറയണമെന്ന് കേന്ദ്രമന്ത്രിമാരും ബിജെപിയും ഉള്‍പ്പെടെ ആവശ്യമുന്നയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണു കേസ് കോടതിയുടെ പരിഗണനയ്ക്കു വന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് ചീഫ് ജസ്റ്റിസ് രൂപീകരിച്ചിരുന്നത്. മൂന്നംഗ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരെ ഒഴിവാക്കി. ദീപക് മിശ്ര വിരമിക്കുകയും ചെയ്തിരുന്നു. 

പരിഗണനാ വിഷയങ്ങള്‍ എന്തൊക്കെയാകുമെന്നതും നിര്‍ണായകമാണ്. അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി, സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി വിഭജിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീലുകളാണു കോടതി പരിഗണിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com