മോദിയെ മാറ്റുക അസാധ്യം; പ്രതിപക്ഷത്തിന് അതറിയാമെന്ന് അമിത് ഷാ

മോദിയെ മാറ്റുക അസാധ്യം; പ്രതിപക്ഷത്തിന് അതറിയാമെന്ന് അമിത് ഷാ

2109 ലെ തെരഞ്ഞടുപ്പ് മോദിയും നേതാവില്ലാത്ത മഹാസഖ്യവും തമ്മിലാണെന്ന് അമിത് ഷാ -  രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോകില്ല. എവിടെ ക്ഷേത്രം ഉണ്ടായിരുന്നോ അവിടെ ക്ഷേത്രം പണിയും

ന്യൂഡല്‍ഹി: 2109 ലെ തെരഞ്ഞടുപ്പ് നരേന്ദ്ര മോദിയും നേതാവില്ലാത്ത മഹാസഖ്യവും തമ്മിലാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഡല്‍ഹി രാംലീല മൈതാനത്ത് പാര്‍ട്ടി  ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റയ്്ക്ക് നിന്നാല്‍ മോദിയെ നേരിടാനാവില്ലെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ബോധ്യമായെന്നും വരുന്ന തെരഞ്ഞടുപ്പില്‍ മഹാഭൂരിപക്ഷത്തോടെ മോദി പ്രധാനമന്ത്രിയാകുമെന്നും അമിത് ഷാ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോകില്ല. എവിടെ ക്ഷേത്രം ഉണ്ടായിരുന്നോ അവിടെ ബിജെപി സര്‍ക്കാര്‍ ക്ഷേത്രം നിര്‍മ്മിക്കും.കേസ് വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ല.  ഭരണഘടന പാലിച്ചു തന്നെയാകും ക്ഷേത്രനിര്‍മ്മാണമെന്നും പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും അമിത് ഷാ പറഞ്ഞു

ഇന്ത്യയിലെ യുവാക്കളുടെ ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു മുന്നോക്കവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുകയെന്നത്്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി ജനോപകാര പരിപാടികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. എന്നാല്‍ വര്‍ഷങ്ങളായി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. പൗരത്വ രജിസ്റ്ററിന്റെ പേരില്‍ അസമിലെ അനധികൃത കുടിയേറ്റക്കാരെ രാഹുല്‍ഗാന്ധി വോട്ട് ബാങ്കാക്കുകയാണ്. അനധികൃത കുടിയേറ്റക്കാര്‍ ബിജെപിക്ക് തെരഞ്ഞടുപ്പില്‍ ജയിക്കാനുള്ള വഴിയല്ല. നാടിന്റെ സുരക്ഷയാണ് പാര്‍ട്ടിയെ സംബന്ധിച്ച് പ്രധാനമെന്നും അമിത് ഷാ പറഞ്ഞു. 

മോദി അധികാരത്തിലെത്തിയാല്‍ 2022ഓടെ ഇന്ത്യയിലെ എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കും. എല്ലാ സേനാ വിഭാഗങ്ങളിലും വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. അന്‍പതുകോടിയോളം ജനങ്ങള്‍ മോദിസര്‍ക്കാരിന്റെ ആയൂഷ്മാന്‍ ഭാരത് പ്രോജക്ടിന്റെ ഗുണഭോക്താക്കളാണ്. മഹാസഖ്യത്തിന്റെ ഭാഗമായി അണിനിരന്നവര്‍ കഴിഞ്ഞ അന്‍പത്തിഅഞ്ച് വര്‍ഷം എന്ത് ചെയ്തു. 2014 വരെ രാജ്യത്തെ അറുപത് കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍  പോലും ഇല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലരവര്‍ഷത്തെ ഭരണം കൊണ്ട് ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍, ഗ്യാസ് സിലിണ്ടര്‍, കക്കൂസുകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ പൊതുജനങ്ങള്‍ക്കായി നല്‍കിയെന്ന് അമിത ഷാ പറഞ്ഞു.

ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെയും, യുവതി പ്രവേശനത്തില്‍ മനംനൊന്ത് ബിജെപി നിരാഹാരപ്പന്തലിന് സമീപം തീ കൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെയും മരണത്തില്‍ ദേശീയ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com