കൂട്ടിലടച്ച തത്ത എങ്ങനെ പറക്കാനാണ്?; സിബിഐ വിവാദത്തില്‍ ജസ്റ്റിസ് ആര്‍ എം ലോധ 

പൂര്‍ണമായി സ്വതന്ത്രമാക്കാതെ സിബിഐയ്ക്ക് ആകാശത്ത് പറന്നു നടക്കാന്‍ കഴിയില്ല എന്ന് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ
കൂട്ടിലടച്ച തത്ത എങ്ങനെ പറക്കാനാണ്?; സിബിഐ വിവാദത്തില്‍ ജസ്റ്റിസ് ആര്‍ എം ലോധ 

ന്യൂഡല്‍ഹി: പൂര്‍ണമായി സ്വതന്ത്രമാക്കാതെ സിബിഐയ്ക്ക് ആകാശത്ത് പറന്നു നടക്കാന്‍ കഴിയില്ല എന്ന് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ.  രാജ്യത്തിന്റെ പരമോന്നത അന്വേഷണ ഏജന്‍സിയായി സിബിഐയെ ഉറപ്പിച്ചുനിര്‍ത്താന്‍ എന്തെങ്കിലും ചെയ്യേണ്ട സമയമായെന്നും ലോധ പറഞ്ഞു. സിബിഐയുടെ കാര്യത്തില്‍ രാഷ്ട്രീയ ഇടപെടല്‍ തുടരുന്നിടത്തോളം കാലം ഇത് ആവര്‍ത്തിക്കുമെന്നും ലോധ ഓര്‍മ്മിപ്പിച്ചു.

സിബിഐയെ കൂട്ടിലടച്ച തത്തയോട് ഉപമിച്ച ലോധയുടെ വാക്കുകള്‍ മുന്‍പ് വലിയ വാര്‍ത്തയായിരുന്നു. സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച വഴങ്ങി കൊടുക്കുന്ന തടവുകാരനായാണ് അന്ന് അദ്ദേഹം സിബിഐയെ വിശേഷിപ്പിച്ചത്.  ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ മാറ്റിയത് ഉള്‍പ്പെടെ ദിവസങ്ങള്‍ക്കകം സിബിഐയില്‍ നടന്ന അന്തര്‍നാടകങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് ലോധയുടെ പ്രതികരണം.

ഏങ്ങനെയാണ് സിബിഐയുടെ സ്വയംഭരണാധികാരം നിലനിര്‍ത്താന്‍ കഴിയുക എന്ന് ലോധ ചോദിച്ചു. ഇതിന് അതിന്റേതായ വഴികളുണ്ടെന്നും ലോധ ഓര്‍മ്മിപ്പിച്ചു. തുടര്‍ച്ചയായുളള സര്‍ക്കാരുകള്‍ അവരുടെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി സിബിഐയെ സ്വാധീനിക്കുകയാണ്. ഇത് ഇപ്പോള്‍ കോടതിയുടെ മുന്‍പില്‍ നില്‍ക്കുന്ന കാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കല്‍ക്കരി കുംഭകോണം മുതല്‍ സിബിഐയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുകയാണ്. കോടതി ഇടപെട്ടോ, മറ്റു വഴികളിലുടെയോ സിബിഐയുടെ സ്വയംഭരണാധികാരം നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നും ലോധ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com