അഴിമതി ഇല്ലാതെ രാജ്യം ഭരിക്കാമെന്ന് ബിജെപി തെളിയിച്ചു ;മുന്നോക്ക സംവരണം രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് പ്രധാനമന്ത്രി

മുന്‍ സര്‍ക്കാരുകള്‍ കര്‍ഷകരെ വോട്ടര്‍മാര്‍ മാത്രമായാണ് കണ്ടത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഊര്‍ജ്ജദാതാക്കളായാണ് കാണുന്നത്
അഴിമതി ഇല്ലാതെ രാജ്യം ഭരിക്കാമെന്ന് ബിജെപി തെളിയിച്ചു ;മുന്നോക്ക സംവരണം രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യം വികസനത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് ബിജെപി തെളിയിച്ചു. സര്‍ക്കാരിനെതിരെ അഴിമതി ആരോപണമില്ല. അഴിമതി ഇല്ലാതെ രാജ്യം ഭരിക്കാമെന്ന് ബിജെപി തെളിയിച്ചെന്നും മോദി പറഞ്ഞു. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് സമാപനം കുറിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. 

മുന്‍ സര്‍ക്കാരുകള്‍ കര്‍ഷകരെ വോട്ടര്‍മാര്‍ മാത്രമായാണ് കണ്ടത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഊര്‍ജ്ജദാതാക്കളായാണ് കാണുന്നത്. കര്‍ഷകര്‍ക്ക് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. വിളകള്‍ക്ക് താങ്ങുവില നല്‍കുക എന്നത് കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യമാണ്. എന്നാല്‍ മുന്‍ സര്‍ക്കാരുകള്‍ ഇത് കേട്ടതായി പോലും ഭാവിച്ചില്ല. ബിജെപി സര്‍ക്കാരാണ് ഇത് നടപ്പിലാക്കിയത്. കര്‍ഷകര്‍ക്ക് വേണ്ടി പുതിയ പദ്ധതികള്‍ തുടര്‍ന്നും നടപ്പാക്കും. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതും ബിജെപി സര്‍ക്കാരാണ്.

മുന്നോക്ക സംവരണത്തിന്റെ പേരില്‍ ചിലര്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മോദി പറഞ്ഞു. സമത്വം ഉറപ്പിക്കാനാണ് സര്‍ക്കാര്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത്. നിലവിലെ സംവരണത്തില്‍ യാതൊരു മാറ്റവും വരുത്താതെ, അധികമായി 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ദാരിദ്രത്തെ തുടര്‍ന്ന് അവസരം കിട്ടാത്തവര്‍ക്ക് വേണ്ടിയാണ് സംവരണം. മുന്നോക്ക സംവരണം രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. 

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. അവരുടെ കഴിവുകല്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കിയ ബേട്ടി ബച്ചാവോ പദ്ധതിയെ പ്രതിപക്ഷം കളിയാക്കുകയാണ് ചെയ്തത്. ഇത് നിര്‍ഭാഗ്യകരമാണ്. 

സ്വാതന്ത്ര്യത്തിന് ശേഷം സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് പ്രധാനമന്ത്രിയാകേണ്ടിയിരുന്നത്. എങ്കില്‍ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറിയേനെ. വാജ്‌പേയി പ്രധാനമന്ത്രിയായാതോടെയാണ് രാജ്യത്ത് മാറ്റം കൊണ്ടുവരാനായത്. രാജ്യത്തെ ഇരുട്ടില്‍ നിന്നും ഭീതിയില്‍ നിന്നും പുറത്തുകടത്താന്‍ സാധിച്ചു. രാജ്യം ഇപ്പോള്‍ സത്യസന്ധതയിലേക്കാണ് നീങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും പേരുമാറ്റുന്നു എന്ന വിമര്‍ശനത്തെയും മോദി തള്ളിക്കളഞ്ഞു. എന്റെ പേരില്‍ എത്ര പദ്ധതികളുണ്ടെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ഒന്നിന്റെയും പേരുകള്‍ മാറ്റിയിട്ടില്ല. ആയുഷ്മാന്‍ ഭാരത് പദ്ധതി എന്റെ പേരിലാണോയെന്നും മോദി ചോദിച്ചു. എല്ലാത്തിനും മേലെ രാജ്യത്തെ കാണുന്ന സര്‍ക്കാരാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ബിജെപിക്കെതിരെ മുഖമില്ലാത്ത മുന്നണഇക്കാണ് നീക്കം നടക്കുന്നത്. അവസവാദ സഖ്യത്തിന് തെലങ്കാനയില്‍ കനത്ത തിരിച്ചടിയാണ് കിട്ടിയത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കുമാരസ്വാമിയെ പിന്തുണയ്ക്കുകയാണ്. മുഖ്യമന്ത്രിയാകുന്നതിനേക്കാള്‍ ക്ലാര്‍ക്കാവുന്നതാണ് അവര്‍ക്ക് ഭേദമെന്നും മോദി കോണ്‍ഗ്രസിനെ പരിഹസിച്ചു. തന്നെ ആക്ഷേപിക്കുന്നവര്‍ക്ക് എത്രവേണമെങ്കിലും ആ പ്രവൃത്തി തുടരാം. എന്നാല്‍ ഈ കാവല്‍ക്കാരന്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com