സഖ്യമായാലും മഹാസഖ്യമായാലും ഞങ്ങള്‍ക്ക് ഒന്നുമില്ല: എസ്പി-ബിഎസ്പി സഖ്യത്തെക്കുറിച്ച് യോഗി ആദിത്യനാഥ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാനുള്ള എസ്പി-ബിഎസ്പി പാര്‍ട്ടികളുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി രംഗത്ത്
സഖ്യമായാലും മഹാസഖ്യമായാലും ഞങ്ങള്‍ക്ക് ഒന്നുമില്ല: എസ്പി-ബിഎസ്പി സഖ്യത്തെക്കുറിച്ച് യോഗി ആദിത്യനാഥ്

ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാനുള്ള എസ്പി-ബിഎസ്പി പാര്‍ട്ടികളുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി രംഗത്ത്. സഖ്യമായാലും മഹാസഖ്യമായാലും ബിജെപി 2014നേക്കാള്‍ വലിയ വിജയം നേടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. 

ബിജെപിക്ക് എതിരായ സഖ്യം ഏതായാലും അത് രാഷ്ട്രീയ അസ്ഥിരതയും അരാജകത്വവും അഴിമതിയും സൃഷ്ടിക്കുക മാത്രമേയുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2014ലെ തെരഞ്ഞെടുപ്പില്‍ 80ല്‍ 73സീറ്റുകളാണ് ബിജെപി നേടിയത്. ബിഎസ്പി സംപൂജ്യമായപ്പോള്‍ എസ്പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലുമൊതുങ്ങി. 2017 ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന സമാജ്‌വാദി പാര്‍ട്ടി, ഇത്തവണ കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് ചിരവൈരികളായ ബിഎസ്പിയുടെ കൂട്ടുപിടിച്ചിരിക്കുന്നത്. ബിജെപിയെ താഴെയിറക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അഖിലേഷ് യാദവും മായാവതിയും പറഞ്ഞു. 

മഹാസഖ്യം മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തുമെന്ന് മായാവതി പറഞ്ഞു. മഹാസഖ്യത്തെ ബിജെപി ഭയക്കുകയാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് തങ്ങള്‍ ഒന്നിക്കുകയാണ്. നിയമസഭയിലും സഖ്യം തുടരുമെന്നും മായാവതി പറഞ്ഞു.

ബിജെപി ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണ്. നല്‍കിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാന്‍ ബിജെപിക്കായിട്ടില്ല. ദരിദ്രര്‍, തൊഴിലാളികള്‍, വ്യാപാരികള്‍, യുവാക്കള്‍, വനിതകള്‍, ദലിതുകള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവയുടെ ഉന്നമനമാണ് മഹാസഖ്യം ലക്ഷ്യമിടുന്നത്.

എസ്പിബിഎസ്പി സഖ്യത്തില്‍ പുതുമയില്ല. 1993 ല്‍ എസ്പിയുമായി കാന്‍ഷിറാം സഖ്യമുണ്ടാക്കിയിരുന്നു, എന്നാല്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് അടക്കമുള്ള വിഷയങ്ങളെ തുടര്‍ന്ന് സഖ്യം തകരുകയായിരുന്നു. കാന്‍ഷിറാമിന്റെ ആ ദൗത്യം പുനരാരംഭിക്കുകയാണ്. സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നും മായാവതിയും അഖിലേഷും വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com