കോമണ്‍വെല്‍ത്ത് ട്രൈബ്യൂണിലേക്കില്ല: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ജസ്റ്റിസ് സിക്രി നിരസിച്ചു

കഴിഞ്ഞ മാസമാണ് ഇതുമായി ബന്ധപ്പെട്ട നാമനിര്‍ദേശം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
കോമണ്‍വെല്‍ത്ത് ട്രൈബ്യൂണിലേക്കില്ല: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ജസ്റ്റിസ് സിക്രി നിരസിച്ചു

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണലിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാമനിര്‍ദേശം നിരസിച്ച് ജസ്റ്റിസ് എകെ സിക്രി. നിയമ സെക്രട്ടറിക്ക് അയച്ച കത്തിലാണ് സിക്രി ഈ കാര്യം അറിയിച്ചത്. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് ഇതുമായി ബന്ധപ്പെട്ട നാമനിര്‍ദേശം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2019 മാര്‍ച്ച് 6നാണ് സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് സിക്രി സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്നത്. ഇതിനുശേഷം ചുമതല ഏറ്റെടുക്കാനാണ് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചത്. എന്നാല്‍ വിരമിക്കലിന് ശേഷം പദവികള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു.

സിബിഐ ഡയറക്ടര്‍ ആലോക് വര്‍മയെ പുറത്താക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ട ഉന്നതാധികാര സമിതിയില്‍ അംഗമായിരുന്നു ജസ്റ്റിസ് എകെ സിക്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അനുകൂലമായ നിലപാടാണ് സിക്രി അന്ന് സ്വീകരിച്ചത്. ഇതാണ് ആലോക് പുറത്താക്കുന്നതില്‍ നിര്‍ണായകമായത്. അടുത്തിടെ നടന്ന ചില സംഭവവികാസങ്ങള്‍ വേദന ഉളവാക്കിയെന്നു സിക്രി കത്തില്‍ പറഞ്ഞതായാണ് സൂചന.

കോമണ്‍വെല്‍ത്ത് സെക്രട്ടേറിയേറ്റിന്റെ 2005ലെ ധാരണപ്രകാരം സ്ഥാപിതമായ സമിതിയാണ് കോമണ്‍വെല്‍ത്ത് സെക്രട്ടേറിയേറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍(സിഎസ്എടി). ഒരു പ്രസിഡന്റും എട്ട് അംഗങ്ങളും അടങ്ങുന്നതാണ് ട്രൈബ്യൂണല്‍. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ സേവനമനുഷ്ടിച്ച മികച്ച ധാര്‍മിക മൂല്യങ്ങളുള്ള ജഡ്ജിമാരെയാണ് സിഎസ്എടിയിലേക്ക് സര്‍ക്കാരുകള്‍ നാമനിര്‍ദേശം ചെയ്യുക. നാല് വര്‍ഷത്തെ കാലവധിയിലേക്കാണ് നിയമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com