വാരാണസിയില്‍ മോദിയെ നേരിടാന്‍ ഹാര്‍ദിക് പട്ടേല്‍?; എസ്പിയും ബിഎസ്പിയും പിന്തുണച്ചേക്കും 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസി മണ്ഡലത്തില്‍ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ മത്സരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍
വാരാണസിയില്‍ മോദിയെ നേരിടാന്‍ ഹാര്‍ദിക് പട്ടേല്‍?; എസ്പിയും ബിഎസ്പിയും പിന്തുണച്ചേക്കും 

അഹമ്മദാബാദ്: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസി മണ്ഡലത്തില്‍ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ മത്സരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ഹാര്‍ദിക് പട്ടേല്‍ ഒരുങ്ങുന്നതെന്നാണ് വിവരം. 

കഴിഞ്ഞ ജൂലൈയില്‍  25 വയസ് തികഞ്ഞ ഹാര്‍ദിക് പട്ടേലിന് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മറ്റു തടസങ്ങളില്ല. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കള്‍ ഹാര്‍ദിക് പട്ടേലുമായി ആശയവിനിമയം നടത്തിയതായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വാരാണസിയില്‍ മത്സരിക്കുന്നതിന്റെ സാധ്യത തേടി ഹാര്‍ദിക് പട്ടേല്‍ അടുത്തകാലത്തായി ഒന്നിലധികം തവണ ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ചിരുന്നു.

അതേസമയം വാരാണസിയില്‍ മത്സരിക്കാന്‍ ഹാര്‍ദിക് പട്ടേല്‍ തീരുമാനിച്ചാല്‍, അത് സ്വതന്ത്രമായിട്ടാണോ, ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ ഐക്യ സ്ഥാനാര്‍ത്ഥിയായിട്ടാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാല്‍ സ്വതന്ത്രനായി മത്സരിക്കാനാണ് ഹാര്‍ദിക് പട്ടേല്‍ ആഗ്രഹിക്കുന്നതെന്നാണ് അടുത്തവ്യത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയുമായി രംഗത്തുവന്നാല്‍ മാത്രമേ, സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഹാര്‍ദിക് പട്ടേല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുളളുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോരാടാന്‍ പട്ടേല്‍ സമുദായം തയ്യാറായല്‍, ബിഎസ്പി, എസ്പി, ആംആദ്മി പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നാണ് അറിയുന്നത്. 2014ല്‍ ആംആദ്മിയുടെ അരവിന്ദ് കെജ്രിവാളിനെ 3.71 ലക്ഷം വോട്ടുകള്‍ക്കാണ് മോദി പരാജയപ്പെടുത്തിയത്. 

വാരാണസിയില്‍ മത്സരിക്കുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. എന്നാല്‍ സമുദായം ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന സാധ്യതകളെ ഹാര്‍ദിക് തളളിക്കളയുന്നുമില്ല. സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയാണ് തന്റെ ലക്ഷ്യമെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com