കനയ്യ കുമാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം; ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചത് 1200പേജുള്ള കുറ്റപത്രം: ഡി രാജയുടെ മകളും പ്രതി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 14th January 2019 03:35 PM  |  

Last Updated: 14th January 2019 04:28 PM  |   A+A-   |  

 


ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍  ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 1,200പേജുകകളാണുള്ളത്. 2016 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ്, കശ്മീര്‍ സ്വദേശികളായ അഖ്വീബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീസ് റസൂല്‍, ബഷാറത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവര്‍ക്ക് എതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി. 

ആകെ 35 പ്രതികളാണ് കേസിലുള്ളത്. സിപിഐ നേതാവ് ഡി രാജയുടെ മകളും എഐഎസ്എഫ് നേതാവുമായ അപരാജിത രാജ, എഐഎസ്എ നേതാവ് ഷെഹ്‌ല റാഷിദ് എന്നിവരും കേസില്‍ പ്രതികളാണ്. 

ക്യാമ്പസില്‍ നടക്കുന്ന രാജ്യവിരുദ്ധ പരിപാടിയെ കുറിച്ച് അറിയാമായിരുന്നിട്ടും കനയ്യ പരിപാടി തടഞ്ഞില്ലെന്നും ഉമര്‍ ഖാലിദും അനിര്‍ബനും പുറത്തു നിന്ന് ആളുകളെ കൊണ്ടുവരുന്ന കാര്യം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന് അറിയാമായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

രാജ്യദ്രോഹക്കുറ്റം, കലാപമുണ്ടാക്കല്‍, നിയമാനുസൃതമല്ലാതെ യോഗം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി ഒമ്പതിന് കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ജെഎന്‍യുവില്‍ നടന്ന പരിപാടിക്ക് അനുമതി വാങ്ങിയില്ലെന്ന്്  കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘത്തെ പൊലീസ് തടഞ്ഞു. അതോടെ കനയ്യ കുമാര്‍ മുന്നോട്ടു വന്ന് സുരക്ഷാ ഉദ്യേഗസ്ഥരോട് കയര്‍ക്കുകയും സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 

കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതോടെ രാജ്യത്ത് കടുത്ത വിദ്യാര്‍ത്ഥി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. വ്യാജമായി നിര്‍മ്മിച്ച വീഡിയോകളാണ് കനയ്യക്കും സംഘത്തിനും എതിരെ പൊലീസ് തെളിവായ് സ്വീകരിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കണ്ടെത്തിയിരുന്നു. 

നിലവില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ കനയ്യ കുമാര്‍, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കന്‍ തയ്യാറെടുക്കുന്ന വേളയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബിഹാറിലെ ബഗുസരായില്‍ നിന്ന് കനയ്യ ജനവിധി തേടുമെന്നാണ് വാര്‍ത്തകള്‍.