ഡാറ്റ നിരീക്ഷണത്തിന്  ഇടക്കാല സ്‌റ്റേ ഇല്ല; കേന്ദ്രത്തിന് നോട്ടീസ്

രാജ്യത്തെ കംപ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും നിരീക്ഷിക്കാന്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി
ഡാറ്റ നിരീക്ഷണത്തിന്  ഇടക്കാല സ്‌റ്റേ ഇല്ല; കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡല്‍ഹി : രാജ്യത്തെ കംപ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും നിരീക്ഷിക്കാന്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി. കേന്ദ്ര നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കാന്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.

അഭിഭാഷകരായ മനോഹര്‍ ലാല്‍ ശര്‍മ്മ, അമിത് സാഹ്നി എന്നിവരാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. വ്യക്തിയുടെ സ്വകാര്യവിവരങ്ങള്‍ നിരീക്ഷിക്കാന്‍ വഴിയൊരുക്കുന്നതാണ് ഉത്തരവെന്ന് ഹര്‍ജിയില്‍ പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കേട്ട ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്ന്, ഇടക്കാല സ്‌റ്റേ ആവശ്യം തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ആറാഴ്ചയ്ക്കകം സര്‍ക്കാര്‍ നോട്ടീസിനു മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

പത്ത് ഏജന്‍സികള്‍ക്കാണ് കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാനുള്ള അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഏതു വിവരവും നല്‍കാന്‍ ഇതോടെ ഇന്റര്‍നെറ്റ് സേവനദാതാക്കളും പൗരന്‍മാരും നിര്‍ബന്ധിതരാവും. ഇതോടൊപ്പം, പൗരന്‍മാരുടെ സ്വകാര്യതയില്‍ ഏതുവിധത്തിലും ഇടപെടാനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കഴിയുമെന്നാണ് വിമര്‍ശനം. എന്നാല്‍ രാജ്യസുരക്ഷയ്ക്കായാണ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം. ഉത്തരവില്‍ ആശങ്ക വേണ്ട. എല്ലാ കമ്പ്യൂട്ടറും ഫോണും ചോര്‍ത്തില്ല, അതാതുകാലത്ത് രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ചില ഏജന്‍സികളെ നിരീക്ഷണത്തിന് ചുമതലപ്പെടുത്താറുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.

റോ, എന്‍ ഐ എ, സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് ( ജമ്മുകശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, ആസാം), തുടങ്ങി പത്തോളം ഏജന്‍സികള്‍ക്കാണ് പ്രത്യേക അധികാരം നല്‍കിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com