കര്‍ണാടകയില്‍ നാടകീയ നീക്കങ്ങള്‍; രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

കര്‍ണാടക വീണ്ടും രാഷ്ട്രീയ നാടകത്തിലേക്ക്. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു
കര്‍ണാടകയില്‍ നാടകീയ നീക്കങ്ങള്‍; രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

ബെംഗലൂരു: കര്‍ണാടക വീണ്ടും രാഷ്ട്രീയ നാടകത്തിലേക്ക്. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ആര്‍ ശങ്കറും എച്ച് നാഗേഷുമാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. ഇരുവരും നിലപാട് ഗവര്‍ണറെ രേഖാമൂലം അറിയിച്ചു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച ആര്‍ ശങ്കര്‍ സംസ്ഥാനത്തെ വനം മന്ത്രി കൂടിയായിരുന്നു. കഴിഞ്ഞയിടെ നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

ഇരുവരെയും ബിജെപി വിലയ്‌ക്കെടുത്ത് മുംബൈയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്  കൂറുമാറ്റവും റിസോര്‍ട്ട് രാഷ്ട്രീയവുമായി കര്‍ണാടക രാഷ്ട്രീയം വീണ്ടും നാടകങ്ങളിലേക്ക് നീങ്ങുകയാണ്. സ്വന്തം പക്ഷത്ത് ചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ തങ്ങളുടെ 104ല്‍ 102 എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ ശേഷമാണ് ബിജെപി ചരടുവലികള്‍ ആരംഭിച്ചിരിക്കുന്നത്. 

കോണ്‍ഗ്രസിന്റെ മൂന്നു എംഎല്‍എമാര്‍ ഇപ്പോള്‍ മുംബൈയിലാണുള്ളത്. ഇവരെ തിരികെയെത്തിക്കാന്‍ മുതിര്‍ന്ന നേതാവ് ഡി കെ ശിവകുമാര്‍ മുംബൈയിലേക്ക് പോകാനിരിക്കവെയാണ് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ പിന്‍വലിക്കല്‍.

ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ആറ് മുതല്‍ എട്ട് വരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് ചുവടുമാറാന്‍ തയ്യാറായി നില്‍ക്കുകയാണ് എന്നാണ് അറിയുന്നത്. ഈ രണ്ട് എംഎല്‍എമാരുടെ പിന്തുണ പിന്‍വലിച്ചാലും തത്ക്കാലം സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടായില്ല. പതിമൂന്ന് എംഎല്‍എമാരെങ്കിലും ബിജെപിക്ക് ഒപ്പം എത്തിയാല്‍ മാത്രമേ കൂറുമാറ്റ നിരോധന നിയമം മറിടകന്ന് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുള്ളു, 

224 അംഗം നിയമസഭയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 104 സീറ്റുകളാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന് 79ഉം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ജെഡിഎസിന് 37 സീറ്റും ബിഎസ്പി, കെപിജെപി, സ്വതന്ത്രന്‍ എന്നിവര്‍ക്ക് ഒന്നുവീതം സീറ്റുമാണുള്ളത്. 

എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാരിന് ഭീഷണിയുണ്ടാകില്ലെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി പ്രവര്‍ത്തക സമിതി അംഗം കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ബിജെപി ദേശീയതലത്തില്‍ ഒരിക്കല്‍ക്കൂടി പരിഹാസ്യരാകുക മാത്രമേ സംഭവിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com