മുന്നറിയിപ്പില്ലാതെ 25 ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ റദ്ദാക്കി ; ഗോ എയറിന് 98,000 രൂപ പിഴ

 മകളുടെ വിവാഹത്തിനായി അഹമ്മദാബാദില്‍ നിന്നും വരുന്ന അതിഥികള്‍ക്കായാണ് ജയേഷ് പാണ്ഡ്യ 25 വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്. ഫ്‌ളൈറ്റ് എത്തുന്ന സമയം കണക്കാക്കി വിവാഹ സമയവും നിശ്ചയിച്ചു
മുന്നറിയിപ്പില്ലാതെ 25 ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ റദ്ദാക്കി ; ഗോ എയറിന് 98,000 രൂപ പിഴ

മുംബൈ: പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ 25 ടിക്കറ്റുകള്‍ റദ്ദാക്കിയ സംഭവത്തില്‍ വിമാനക്കമ്പനിയായ ഗോ എയറിന് കണ്‍സ്യൂമര്‍ ഫോറം പിഴ ശിക്ഷ വിധിച്ചു. 98,000 രൂപയാണ് നഷ്ടപരിഹാരമായി മുംബൈ സ്വദേശിക്ക് ഗോ എയര്‍ നല്‍കേണ്ടത്. 2015ലാണ് സംഭവം നടന്നത്.

 മകളുടെ വിവാഹത്തിനായി അഹമ്മദാബാദില്‍ നിന്നും വരുന്ന അതിഥികള്‍ക്കായാണ് ജയേഷ് പാണ്ഡ്യ 25 വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്. ഫ്‌ളൈറ്റ് എത്തുന്ന സമയം കണക്കാക്കി വിവാഹ സമയവും നിശ്ചയിച്ചു. എന്നാല്‍ വിവാഹത്തിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ യാത്രക്കാരുടെ പേര് വിവരങ്ങള്‍ നല്‍കുന്നതിനായി വിമാനക്കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് ഫ്‌ളൈറ്റ് റദ്ദാക്കിയെന്ന് അറിയുന്നത്. കമ്പനി അകാരണമായി ഫ്‌ളൈറ്റ് റദ്ദാക്കുകയായിരുന്നു എന്നാണ് പാണ്ഡ്യയുടെ പരാതിയില്‍ പറയുന്നത്. മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ മറ്റൊരും വിമാനക്കമ്പനിയില്‍ നിന്നും 88,816 രൂപ മുടക്കി അടുത്ത ടിക്കറ്റുകള്‍ വാങ്ങുകയായിരുന്നുവെന്നും ഉപഭോക്തൃ തര്‍ക്ക പരിഹാര സെല്ലിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഫ്‌ളൈറ്റ് റദ്ദാക്കിയ പക്ഷം ടിക്കറ്റ് തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയില്‍ രണ്ട് തവണ ഗോ എയറിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട് 300 രൂപയുടെ ക്രെഡിറ്റ് വൗച്ചര്‍ നല്‍കി, ബാക്കി പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞ് പാണ്ഡ്യയെ മടക്കി അയച്ചു. ഇതേത്തുടര്‍ന്ന് വിവരാവകാശം വഴി ഗോ എയറിന്റെ ഫ്‌ളൈറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചെടുത്തപ്പോള്‍ സമയ ക്രമത്തില്‍ മാറ്റമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇദ്ദേഹം ഫോറത്തെ സമീപിച്ചത്. 

 ഗോ എയറിന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 50,000 രൂപ ടിക്കറ്റിന് ചിലവായ പണവും, വിസ്താര എയര്‍ലൈന്‍സില്‍ നിന്നും ടിക്കറ്റ് എടുത്തപ്പോള്‍ അധികമായി നല്‍കേണ്ടി വന്ന 38,816 രൂപയും 10,000 രൂപ നഷ്ടപരിഹാരവും സഹിതം എത്രയും വേഗം നല്‍കമെന്നാണ് കണ്‍സ്യൂമര്‍ ഫോറത്തിന്റെ വിധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com