ദിവസവും അദ്ദേഹവുമായി യുദ്ധത്തിലാണെങ്കിലും ഇപ്പോള്‍ ഞാന്‍ അസ്വസ്ഥനാണ്; നൂറു ശതമാനം ജയ്റ്റിലിക്കൊപ്പം: ആരോഗ്യം വീണ്ടെടുക്കാന്‍ ആശംസകളുമായി രാഹുല്‍

ക്യാന്‍സര്‍ ചികിത്സയ്ക്ക് വിദേശത്തേക്ക് പോയ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ആശംസകളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ദിവസവും അദ്ദേഹവുമായി യുദ്ധത്തിലാണെങ്കിലും ഇപ്പോള്‍ ഞാന്‍ അസ്വസ്ഥനാണ്; നൂറു ശതമാനം ജയ്റ്റിലിക്കൊപ്പം: ആരോഗ്യം വീണ്ടെടുക്കാന്‍ ആശംസകളുമായി രാഹുല്‍


ന്യൂഡല്‍ഹി: ക്യാന്‍സര്‍ ചികിത്സയ്ക്ക് വിദേശത്തേക്ക് പോയ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ആശംസകളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിരവധി വിഷയങ്ങളില്‍ ജയ്റ്റ്‌ലിയുമായി കടുത്ത വാഗ്വാദങ്ങള്‍ നടത്തി രാഷ്ട്രീയ പോരാട്ടം മുറുകിയിരിക്കുന്ന സംന്ദര്‍ഭത്തിലാണ് ജയ്റ്റ്‌ലി ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോയിരിക്കുന്നതും ആരോഗ്യം വീണ്ടെടുക്കാന്‍ ആശംസകളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്ത് വന്നിരിക്കുന്നതും. 

അരുണ്‍ ജയ്റ്റ്‌ലി ആരോഗ്യവാനല്ല എന്നറിയുന്നതില്‍ ഞാന്‍ അസ്വസ്ഥനാണ്. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് എതിരെ നമ്മള്‍ ദിനവും യുദ്ധം ചെയ്യുന്നവരാണ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ ആരോഗ്യം എത്രയും വേഗം വീണ്ടെടുക്കാനായി ഞാനും കോണ്‍ഗ്രസും സ്‌നേഹവും ആശംസകളും നേരുകയാണ്. ഈ ദുര്‍ഘടമായ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ നൂറുശതമാനം ജെയ്റ്റ്‌ലിക്കും കുടുംബത്തിനും ഒപ്പമാണ്-അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

അമേരിക്കയിലേക്കാണ് ശസ്ത്രക്രിയക്കായി ജെയ്റ്റ്‌ലി പോയിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാന്‍ അദ്ദേഹം എത്തിയേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അരുണ്‍ ജയ്റ്റ്‌ലി കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ശസ്ത്രക്രിയ സങ്കീര്‍ണമാവുമെന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശസ്ത്രക്രിയയും കീമോതെറാപ്പിയും വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ നോക്കേണ്ടതുണ്ട്. അതിനാല്‍ ജയ്റ്റ്‌ലിയുടെ ചികിത്സാകാലം നീളാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യക്തിപരമായ ആവശ്യത്തിനായി രണ്ടാഴ്ചത്തെ അവധിയില്‍ ന്യൂയോര്‍ക്കിലേക്കു പോവുന്നുവെന്നാണ് ധനമന്ത്രി ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ജയ്റ്റ്‌ലി എത്താത്ത പക്ഷം ആരായിരിക്കും ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയെന്നു വ്യക്തമല്ല. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ബജറ്റ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. നേരത്തെ ജയ്റ്റ്‌ലി ചികിത്സയ്ക്കു പോയപ്പോള്‍ റെയില്‍വേ, കല്‍ക്കരി മന്ത്രി പിയൂഷ് ഗോയലിനായിരുന്നു ചുമതല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com