പന്നിപനി: അമിത് ഷാ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2019 11:19 PM  |  

Last Updated: 16th January 2019 11:39 PM  |   A+A-   |  

Amit_Shah

ഡല്‍ഹി: ‌ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പന്നി പനി ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖം സ്ഥിരീകരിച്ചതായി അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. എത്രയുംവേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. 

ശ്വാസ സംബന്ധമായ പ്രശ്നങ്ങളും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് അമിത് ഷായെ ആശുപത്രയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് വൈകിട്ട് ഏകദേശം ഒൻപത് മണിയോടെയാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് രോ​ഗവിവരം അറിഞ്ഞ് ആദ്യം പ്രതികരിച്ചത്. ചികിത്സയിലായിരിക്കുന്ന അമിത് ഷായുമായി സംസാരിച്ചെന്നും എത്രയുംവേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് രാജ്‌നാഥ് സിങ്ങിന്റെ ട്വീറ്റ്. എന്നാല്‍ അമിത് ഷാ ചികിത്സയിലായിരിക്കെ റാലികളുടെ കാര്യത്തിൽ സംശയമുയർന്നിട്ടുണ്ട്. ഈ മാസം 20തിനാണ് ആദ്യ റാലി തീരുമാനിച്ചിരുന്നത്. ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു. തൊട്ടുപിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷനും ആശുപത്രിയിലായത്.