'തത്ത'യെ മോദി കൈപ്പിടിയിലൊതുക്കുമോ?; സിബിഐയുടെ മേധാവിയെ 24 ന് നിശ്ചയിക്കും ; ചീഫ് ജസ്റ്റിസ് പങ്കെടുക്കും

പുതിയ സിബിഐ ഡയറക്ടറെ നിശ്ചയിക്കാനുള്ള ഉന്നതതല സെലക്ഷൻ പാനൽ ഈ മാസം 24ന് യോഗം ചേരും
'തത്ത'യെ മോദി കൈപ്പിടിയിലൊതുക്കുമോ?; സിബിഐയുടെ മേധാവിയെ 24 ന് നിശ്ചയിക്കും ; ചീഫ് ജസ്റ്റിസ് പങ്കെടുക്കും

ന്യൂഡൽഹി: പുതിയ സിബിഐ ഡയറക്ടറെ നിശ്ചയിക്കാനുള്ള ഉന്നതതല സെലക്ഷൻ പാനൽ ഈ മാസം 24ന് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി എന്നിവരാണ് പാനലിലെ അംഗങ്ങൾ. അലോക് വർമ്മയെ പുറത്താക്കാനുള്ള യോ​ഗത്തിൽ നിന്നും വിട്ടുനിന്ന ചീഫ് ജസ്റ്റിസ് യോ​ഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള ഉന്നതതല സമിതിയുടെ യോഗം ഉടൻ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. തുടർന്ന് 21 ന് യോ​ഗം ചേരാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. എന്നാൽ ഖാർ​ഗെ അസൗകര്യം അറിയിച്ചതിനെ തുടർന്ന് യോ​ഗം 24 ലേക്ക് മാറ്റുകയായിരുന്നു. അലോക് വർമ്മയെ പുറത്താക്കിയതിനെതിരായ ഹർജി പരി​ഗണിച്ചതിനാലാണ് കഴിഞ്ഞ യോ​ഗത്തിൽ നിന്നും ചീഫ് ജസ്റ്റിസ് വിട്ടുനിന്നത്. പകരം ജസ്റ്റിസ് എ കെ സിക്രിയെ പ്രതിനിധിയായി നിയോ​ഗിക്കുകയായിരുന്നു.

അലോക് വർമ്മയെ മാറ്റിയതോടെയാണ് സിബിഐക്ക് പുതിയ മേധാവിയെ കണ്ടെത്തേണ്ടി വന്നത്. സിബിഐയുടെ താൽകാലിക ഡയറക്ടറായി എം നാഗേശ്വര റാവുവിനെ നിയമിച്ച നടപടിക്കെതിരെ കോൺ​ഗ്രസ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.  ഉടൻ തന്നെ പുതിയ മേധാവിയെ നിയമിക്കണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടിരുന്നു. നാ​ഗേശ്വര റാവുവിന്റെ നിയമനത്തിനെതിരെ സുപ്രിംകോടതിയിലും ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. 

1983,84,85 ബാച്ചുകളിലുള്ള സീനിയർ ഐപിഎസ് ഓഫീസർമാരാണ് സിബിഐ തലപ്പത്തേക്ക് പരി​ഗണനയിലുള്ളത്. ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രജനീകാന്ത് മിശ്ര, എന്‍ഐഎ മേധാവി വൈ സി മോഡി, സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാജേഷ് രഞ്ജന്‍, യുപി ഡിജിപി ഒപി സിംഗ് തുടങ്ങിയവരാണ് മുഗണനാപട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കേന്ദ്ര ആഭ്യന്തരവകുപ്പ് തയ്യാറാക്കിയ പ്രാഥമിക പട്ടികയില്‍ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഇടംനേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com