മേഘാലയ ഖനി അപകടം : ഒരു മൃതദേഹം 210 അടി താഴ്ചയില്‍ കണ്ടെത്തി ; 14 പേര്‍ക്കായി തിരച്ചില്‍

നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്
മേഘാലയ ഖനി അപകടം : ഒരു മൃതദേഹം 210 അടി താഴ്ചയില്‍ കണ്ടെത്തി ; 14 പേര്‍ക്കായി തിരച്ചില്‍


ന്യൂഡല്‍ഹി : മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. നാവിക സേനയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. 210 അടിയോളം താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേരെ കണ്ടെത്തുന്നതിനായി നാവിക സേന തിരച്ചില്‍ പുരോഗമിക്കുകയാണ്. 

കഴിഞ്ഞ മാസം 13 നാണ് 15 തൊഴിലാളികള്‍ ഖനിയില്‍ അകപ്പെട്ടത്. ഖനി തൊഴിലാളികള്‍ 'എലിമാള ഖനികളില്‍' കുടുങ്ങിയതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നപ്പോൾ തന്നെ രക്ഷാപ്രവര്‍ത്തനം  ആരംഭിച്ചുവെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല. മണ്ണിടിച്ചിലും ഖനികള്‍ക്കുള്ളില്‍ വെള്ളം നിറഞ്ഞതുമാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. 

രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ രക്ഷാപ്രവർത്തനം നിർത്തരുതെന്ന് സുപ്രിംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. കൂടുതല്‍ വിദഗ്ധരായ ആളുകളുടെ സഹായം രക്ഷാപ്രവര്‍ത്തനത്തിനായി തേടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതേത്തുടർന്ന് കിർലോസ്കർ പമ്പുകൾ ഉപയോ​ഗിച്ച് വെള്ളം വറ്റിക്കുകയും, രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com