രാകേഷ് അസ്താനയെ സിബിഐയില്‍ നിന്ന് മാറ്റി; സര്‍വീസ് കാലാവധി വെട്ടിച്ചുരുക്കി

പകരം ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ തലവനാക്കി
രാകേഷ് അസ്താനയെ സിബിഐയില്‍ നിന്ന് മാറ്റി; സര്‍വീസ് കാലാവധി വെട്ടിച്ചുരുക്കി

ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ സിബിഐയില്‍ നിന്ന് നീക്കി. പകരം ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ തലവനാക്കി. അസ്താനയ്ക്ക് പുറമേ സിബിഐ ജോയിന്റ് ഡയറക്ടര്‍ അരുണ്‍കുമാര്‍ ശര്‍മ്മ, ഡിഐജി മനീഷ് കുമാര്‍ സിന്‍ഹ, 
എസ്പി ജയന്ത് ജെ നായ്ക്‌നാവരെ എന്നിവരെയും മാറ്റി. ഇവരുടെയെല്ലാം സര്‍വീസ് കാലാവധിയും വെട്ടിച്ചുരുക്കി കേന്ദ്രമന്ത്രിസഭയുടെ നിയമനസമിതിയാണ് തീരുമാനം കൈക്കൊണ്ടത്.  

കഴിഞ്ഞദിവസം സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ അലോക് വര്‍മ്മ രാജിവെച്ചിരുന്നു. സിബിഐയില്‍ കഴിഞ്ഞ കുറെ നാളുകളായി പുകഞ്ഞുകൊണ്ടിരുന്ന വിവാദങ്ങളെ മൂര്‍ധന്യാവസ്ഥയില്‍ എത്തിച്ചുകൊണ്ടായിരുന്നു അലോക് വര്‍മ്മയുടെ രാജി.ഇതിന് പിന്നാലെയാണ് രാകേഷ് അസ്താന ഉള്‍പ്പെടെ നാലുപേരെ സിബിഐയില്‍ നിന്ന് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

കഴിഞ്ഞദിവസം രാകേഷ് അസ്താനക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അഴിമതി കേസില്‍ എഫഐആര്‍ റദ്ദാക്കണമെന്ന അസ്താനയുടെ ആവശ്യം തളളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.  കസില്‍ പത്ത് ആഴ്ചയക്കകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.  

 ഗുജറാത്തിലെ സ്‌റ്റെര്‍ലിങ് ബയോടെക്കില്‍നിന്ന് കോഴ വാങ്ങിയതിന് മൂന്ന് ഉന്നത ആദായനികുതി ഉദ്യോഗസ്ഥര്‍ക്കെതിരേ സി.ബി.ഐ.യുടെ ഡല്‍ഹി ഘടകം കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 30ന് കേസെടുത്തിരുന്നു. ഈ ആദായനികുതി ഉദ്യോഗസ്ഥര്‍ സന്ദേസര ഗ്രൂപ്പ് കമ്പനിയില്‍ 2011ല്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത ഡയറിയില്‍, അന്ന് സൂറത്തിലെ പോലീസ് കമ്മിഷണറായിരുന്നു അസ്താനയുള്‍പ്പെടെയുള്ളവര്‍ക്ക് പണം നല്‍കിയതിന്റെ വിവരങ്ങളുണ്ട്. അസ്താനയ്ക്ക് കൈക്കൂലി നല്‍കിയതായി ഹൈദരാബാദിലെ വ്യവസായി സതീഷ് സന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരേ സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ കേസെടുത്തത്. ഒക്ടോബറിലാണ് രാകേഷ് അസ്താന കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com