നോട്ട് നിരോധനത്തിന്റെ മറവില്‍ 8300 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു; അജിത് ദോവലിന്റെ മകനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്

നോട്ട് നിരോധനത്തിന് 13 ദിവസത്തിന് ശേഷം ബ്രിട്ടീഷ് അധീനതയിലുള്ള കെയ്മന്‍ ദ്വീപില്‍ ദോവലിന്റെ മകന്‍ വിവേക് അനധികൃത അക്കൗണ്ട് തുറന്നു. ഈ അക്കൗണ്ടിലൂടെ ഇന്ത്യന്‍ ബാങ്കുകളിലേക്ക് 8300 കോടി രൂപ നിക്ഷേപിച്ചു
നോട്ട് നിരോധനത്തിന്റെ മറവില്‍ 8300 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു; അജിത് ദോവലിന്റെ മകനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്

 ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ മറവില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകന്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് കോണ്‍ഗ്രസ്. 8300 കോടി രൂപയുടെ ഇടപാടില്‍ റിസര്‍വ് ബാങ്ക് അന്വേഷണം നടത്തണമെന്നും പണമിടപാടിന്റെ വിവരങ്ങള്‍ പുറത്ത് വിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നോട്ട് നിരോധനത്തിന് 13 ദിവസത്തിന് ശേഷം ബ്രിട്ടീഷ് അധീനതയിലുള്ള കെയ്മന്‍ ദ്വീപില്‍ ദോവലിന്റെ മകന്‍ വിവേക് അനധികൃത അക്കൗണ്ട് തുറന്നു. ഈ അക്കൗണ്ടിലൂടെ ഇന്ത്യന്‍ ബാങ്കുകളിലേക്ക് 8300 കോടി രൂപ നിക്ഷേപിച്ചുവെന്നും ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിനായിരുന്നുവെന്നുമാണ് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശിന്റെ ആരോപണം.

2000 മുതല്‍ 2017 വരെയുള്ള കാലയളവില്‍ 8300 കോടിരൂപയുടെ നേരിട്ടുള്ള  വിദേശ നിക്ഷേപം മാത്രമാണ് കെയ്മന്‍ ദ്വീപില്‍ നിന്ന് എത്തിയിട്ടുള്ളത്. എന്നാല്‍ നോട്ട് നിരോധനത്തിന് പിന്നാലെ വെറും ഒരു വര്‍ഷം കൊണ്ട്  ഇത്ര തന്നെ തുക ഇന്ത്യയിലേക്ക് എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

2011 ല്‍ ബിജെപി കമ്മിറ്റി കള്ളപ്പണത്തെ കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിനോടെങ്കിലും നീതി പുലര്‍ത്താന്‍ തയ്യാറാവണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 'ഇന്ത്യന്‍ ബ്ലാക് മണി അബ്രോഡ്: സീക്രട്ട് ബാങ്ക്‌സ് ആന്റ് ടാക്‌സ് ഹാവന്‍സ്' എന്ന പേരില്‍ ബിജെപി  സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തരം സ്ഥലങ്ങളില്‍ നിന്നുള്ള വിദേശ നിക്ഷേപം പരസ്യമാക്കണമെന്നാണ് വ്യവസ്ഥ. 

ജിഎന്‍വൈ ഏഷ്യ എന്ന കമ്പനിയുടെ  ഡയറക്ടര്‍മാരില്‍ ഒരാളാണ് വിവേക്. 2013 നവംബര്‍ 21നാണ് ദ്വീപില്‍ നിന്നും അക്കൗണ്ട് തുറക്കുന്നത്. ഇതിന് പിന്നാലെ ഇന്ത്യന്‍ ബാങ്കുകളിലേക്ക് വ്യാപകമായി നിക്ഷേപം നടന്നു. കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ ഡോണ്‍ ഇബാങ്ക്‌സ് പനാമ കേസില്‍ ആരോപണവിധേയനാണ്. വിവാദത്തില്‍ ദോവല്‍ പ്രതികരിക്കണമെന്നും വാക്ക് പാലിച്ച് അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com