'മീശ' പിരിച്ചാല്‍ 250 രൂപ ; പൊലീസിന് സമ്മാനവുമായി യോഗി സര്‍ക്കാര്‍

പൊലീസ് സേനയില്‍ ഉള്ളവര്‍ക്ക് മീശ വയ്ക്കുന്നത് നിര്‍ബന്ധം ആക്കിയിട്ടില്ല. കൊമ്പന്‍ മീശക്കാരായ പൊലീസുകാരില്‍ നിന്നും 'ക്ലീന്‍ഷേവി'ലേക്ക് ന്യൂജന്‍ പൊലീസ് മാറിയതോടെയാണ് മീശയ്ക്ക് പ്രത്യേക പാരിതോഷികം
'മീശ' പിരിച്ചാല്‍ 250 രൂപ ; പൊലീസിന് സമ്മാനവുമായി യോഗി സര്‍ക്കാര്‍

ലക്‌നൗ: പിരിച്ചു കയറ്റാവുന്ന മീശയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രത്യേക സമ്മാനം. മീശയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന 50 രൂപ സമ്മാനം 250 രൂപയായാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. കുംഭമേളയ്ക്കിടെ കൊമ്പന്‍ മീശക്കാരായ ചില പൊലീസുകാര്‍ നടക്കുന്നത് കണ്ടതോടെയാണ് മീശ വയ്ക്കാന്‍ പൊലീസിനെ ഒന്നുകൂടി പ്രോത്സാഹിപ്പിക്കാം എന്ന് വകുപ്പും തീരുമാനിച്ചത്. മീശയുള്ള പൊലീസുകാരെ മറ്റുള്ളവര്‍ക്ക് അനുസരിക്കാന്‍ തോന്നുമെന്നാണ് ഇതിനായി ചില ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്ന ന്യായം.

പൊലീസ് സേനയില്‍ ഉള്ളവര്‍ക്ക് മീശ വയ്ക്കുന്നത് നിര്‍ബന്ധം ആക്കിയിട്ടില്ല. കൊമ്പന്‍ മീശക്കാരായ പൊലീസുകാരില്‍ നിന്നും 'ക്ലീന്‍ഷേവി'ലേക്ക് ന്യൂജന്‍ പൊലീസ് മാറിയതോടെയാണ് മീശയ്ക്ക് പ്രത്യേക പാരിതോഷികം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചത്. 

മീശ വെറും മീശയല്ലെന്നാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കഥ. ചിലയിടത്ത് ഉയര്‍ന്ന ജാതിയെ സൂചിപ്പിക്കാനും മറ്റ് ചിലയിടങ്ങളില്‍ പുരുഷത്വത്തെയുമാണ് മീശ കാണിക്കുന്നത്. കട്ടിമീശയും കൊമ്പന്‍ മീശയും അല്‍പം നിലയും വിലയും പ്രകടമാക്കുമ്പോള്‍ കളിയില്‍ തോറ്റാല്‍ ' മീശ പാതി വടിക്കാമെന്നാ'ണ് ഇപ്പോഴുമുള്ള പന്തയം. 

മീശവച്ചതിന് താഴ്ന്ന ജാതിക്കാരനെ ഗുജറാത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ മര്‍ദ്ദിച്ച സംഭവവും അടുത്തയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മംഗള്‍ പാണ്ഡെ, സിങ്കം, ധബാങ് തുടങ്ങിയ ചിത്രങ്ങളിലും 'മീശ' ഒരു സ്റ്റൈല്‍ ഘടകമായിരുന്നു. മീശ വയ്ക്കുന്നവര്‍ പരുക്കന്‍മാരാണെന്ന ചിന്താഗതി വന്നതോടെയാണ് എക്‌സിക്യുട്ടീവ് ലുക്കില്‍ നിന്ന് ' മീശ' ഔട്ടായത്.

 മീശ ഒരു വലിയ 'വികാര'മാണെന്ന് കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുള്ളവരും ഉണ്ടെന്നതാണ് രസകരമായ മറ്റൊരു കാര്യം. ഫ്‌ളൈറ്റ് അറ്റന്‍ഡന്റായിരുന്ന വിക്ടര്‍ ദേ യായിരുന്നു ഈ മീശപ്രേമി. മീശവടിക്കാതെ ജോലി ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ വിമാനക്കമ്പനിക്കെതിരെ വിക്ടര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. വിമാനത്തില്‍ ഭക്ഷണം നല്‍കുമ്പോള്‍ മീശ കൊഴിഞ്ഞു വീഴുമെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാല്‍ മീശയിലാണ് തന്റെ ഐഡന്റിറ്റി ഇരിക്കുന്നതെന്ന് വാദിച്ച വിക്ടര്‍ കേസ് 2008 ല്‍ ജയിച്ചാണ് മടങ്ങിയത്. 

2017ലാണ് തെലങ്കാന മുഖ്യമന്ത്രി കുറവ് വീരഭദ്ര സ്വാമി ക്ഷേത്രത്തില്‍ 'സ്വര്‍ണമീശ' കാണിക്കയായി സമര്‍പ്പിച്ചത്. 60000 ത്തോളം രൂപ ചിലവഴിച്ചാണ് ഈ മീശ നിര്‍മ്മിച്ചത്. 

മീശക്കാരന്‍ പൊലീസുകാര്‍ക്ക് സമ്മാനം ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനം എന്തായാലും യോഗിയുടെ ഉത്തര്‍പ്രദേശല്ല. ആ സ്ഥാനം മധ്യപ്രദേശിനാണ് ഉള്ളത് 2004 മുതല്‍ മീശ വളര്‍ത്തുന്നതിനായി മധ്യപ്രദേശ് സര്‍ക്കാര്‍ പൊലീസിന് നല്‍കി വരുന്നത് 30 രൂപയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com