ഉറ്റുനോക്കി രാജ്യം ; മോദിക്കെതിരെ പടയൊരുക്കവുമായി മമതയുടെ 'യുണൈറ്റഡ് ഇന്ത്യാ റാലി' ഇന്ന്

ഉച്ചയ്ക്ക് 12 മണിയോടെയാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ രാജ്യം ഉറ്റു നോക്കുന്ന റാലി നടക്കുക. മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, വിവിധ സംസ്ഥാനങ്ങളിലെ ആറ് മുന്‍മുഖ്യമന്ത്രിമാര്‍ തുടങ്ങി പ്രതിപക്ഷത്തെ പ്രമ
ഉറ്റുനോക്കി രാജ്യം ; മോദിക്കെതിരെ പടയൊരുക്കവുമായി മമതയുടെ 'യുണൈറ്റഡ് ഇന്ത്യാ റാലി' ഇന്ന്

കൊല്‍ക്കത്ത:  പ്രതിപക്ഷത്തിന്റെ കരുത്ത് പ്രകടമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തുന്ന യുണൈറ്റഡ് ഇന്ത്യ റാലിക്ക് ഇന്ന് കൊല്‍ക്കത്തയില്‍. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ രാജ്യം ഉറ്റു നോക്കുന്ന റാലി നടക്കുക. മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, വിവിധ സംസ്ഥാനങ്ങളിലെ ആറ് മുന്‍മുഖ്യമന്ത്രിമാര്‍ തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖരെല്ലാം മമതയ്ക്ക് കീഴില്‍ അണിനിരക്കുന്നുണ്ട്. 24 പ്രദേശിക പാര്‍ട്ടിനേതാക്കള്‍ ഇതിനകം കൊല്‍ക്കൊത്തയിലേക്ക് എത്തിച്ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭാവം റാലിയില്‍ പ്രകടമാവുമെങ്കിലും പ്രതിപക്ഷ ഐക്യത്തിനായി മമത നടത്തുന്ന റാലിയെ മുക്തകണ്ഠം പ്രശംസിച്ച് അദ്ദേഹം ഇന്നലെ കത്തെഴുതിയിരുന്നു. 

രാജ്യം പുതിയ പ്രധാനമന്ത്രിയ്ക്കായി കാത്തിരിക്കുകയാണ് എന്നായിരുന്നു കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ എത്തിയ ശേഷം മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞത്. പ്രതിപക്ഷ ഐക്യത്തിന് മമതയാണ് മുന്‍കൈയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  റാലിയില്‍ പങ്കെടുക്കുന്നതിനായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബംഗാളിലെത്തിയിട്ടുണ്ട്. ലോക്‌സഭയിലെ പ്രതിപക്ഷനേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും റാലിയില്‍ പങ്കെടുക്കും.

രാഷ്ട്രീയ നേതാക്കളെ സ്വീകരിക്കാന്‍ വിമാനത്താവളം മുതല്‍ നഗരഹൃദയം വരെ നേതാക്കളുടെ ഫഌക്‌സുകളാണ് മമത നിരത്തിയിരിക്കുന്നത്. ഫറൂഖ് അബ്ദുള്ളയുടെയും മകന്‍ ഒമര്‍ അബ്ദുള്ളയുടെയും തേജസ്വി യാദവിന്റെയും ശരദ് യാദവിന്റെയും ഫഌക്‌സുകള്‍ക്ക് പുറമേ തമിഴ്‌നാട്ടില്‍ നിന്നും സ്റ്റാലിന്റെ ഫഌക്‌സും കൊല്‍ക്കത്തയില്‍ഇടംപിടിച്ചിട്ടുണ്ട്. 

പ്രതിപക്ഷകക്ഷികളെ കൂടാതെ ബിജെപിയില്‍ നിന്നും പലതവണയായി പുറത്ത് വന്ന മുന്‍മന്ത്രിമാരായ  യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, റാം ജഠ്മലാനി, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയവരെയും കൂടെ നിര്‍ത്തി മോദിക്കും ബിജെപിക്കുമെതിരെ ഉറച്ച പ്രതിരോധം തീര്‍ക്കാന്‍ മമത ബാനര്‍ജിക്ക് കഴിയുന്നുവെന്നതാണ് ശ്രദ്ധേയം. ഇതാദ്യമായാണ് പ്രദേശിക രാഷ്ട്രീയപാര്‍ട്ടികളെയെല്ലാം, മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ഒരു കുടക്കീഴിലേക്ക് യോജിപ്പിച്ച് കൊണ്ടുവരാന്‍ സാധിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. 

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് രാജ്യം ഉറ്റുനോക്കുന്ന റാലിക്ക് തുടക്കമാവുക. അതിഥികളായി എത്തിയവരെ കേള്‍ക്കുന്നതില്‍ മാത്രമാവും താന്‍ ശ്രദ്ധിക്കുകയെന്ന് പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതിനിടെ മത ബാനര്‍ജി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com