മോദിയുടെ കാലാവധി കഴിഞ്ഞു; കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന്  മമത

ഇതൊരു പുതിയ തുടക്കമാകും - അതിനുവേണ്ടി പ്രതിപക്ഷ കക്ഷികളെല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും
മോദിയുടെ കാലാവധി കഴിഞ്ഞു; കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന്  മമത

കൊല്‍ക്കത്ത: മോദി സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പ്രതിപക്ഷപാര്‍ട്ടികളുടെ മഹാറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത. കന്യാകുമാരിമുതല്‍ കശ്മീര്‍ വരെയുള്ള സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കള്‍ റാലിയില്‍ അണിനിരന്നു. രാജ്യത്തിന് ഇതൊരു പുതിയ തുടക്കമാകും. അതിനുവേണ്ടി പ്രതിപക്ഷ കക്ഷികളെല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. ഇത് ഉറപ്പാണ് മമത പറഞ്ഞു.

വികസന സൂചികകളും കണക്കുകളും ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ റാലിയില്‍ അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ മോദി സര്‍ക്കാരിനെ പുകഴ്ത്തുന്നത് ദേശഭക്തിയും വിമര്‍ശിക്കുന്നത് ദേശദ്രോഹവുമാണ്.

വികസന സൂചികകള്‍ ഊതിവീര്‍പ്പിച്ചും കള്ളം കാണിച്ചും സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇങ്ങനെ ചെയ്യുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാരാണ് ഇപ്പോഴത്തേത്. നീതി ആയോഗിനെ ഉപോയോഗിച്ച് യു.പി.എകാലത്തെ ഡി.ജി.പി വളര്‍ച്ചയെ തരംതാഴ്ത്താന്‍ ശ്രമിക്കുകയാണ്. ജനങ്ങളുമായി സംസാരിക്കാന്‍ തയ്യാറാവുന്നവരെ ദേശദ്രോഹിയായി മുദ്രകുത്തുകയാണ്. 'സബ്കാ സാത് സബ്കാ വികാസ്(വികസനം)' എന്നാണ് മോദി സര്‍ക്കാരിന്റെ മുദ്രാവാക്യം. എന്നാല്‍ ഈ സര്‍ക്കാരിന് ഏറ്റവും അനുയോജ്യം 'സബ്കാ സാത് സബ്കാ വിനാശ്(നാശം)' എന്ന മുദ്രാവാക്യമാണ്. ഈ ജനവിരുദ്ധ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങുന്നത് കാണണമെന്നും യശ്വന്ത് സിന്‍ഹ വ്യക്തമാക്കി.

പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കാന്‍ കാരണമായതിന് ബിജെപിക്കു നന്ദി പറയണമെന്നായിരുന്നു അഖിലേഷ് യാദവ് പറഞ്ഞു. ബിജെപിയാണ് വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പ്രചോദനം. വിശാല സഖ്യത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മല്‍സരിക്കാന്‍ ഒരുപാട് പേര്‍ ഉണ്ടാകുമെന്നാണ് ബിജെപി പറഞ്ഞത്. എന്നാല്‍ അതു തീരുമാനിക്കുന്നത് ഇന്ത്യയിലെ ജനങ്ങളാണെന്ന് അവര്‍ മനസിലാക്കണം. ജനങ്ങളെ വഞ്ചിച്ച ഒരാള്‍ക്ക് പകരം മറ്റൊരാളെ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപിക്കു സാധിക്കുമോ എന്നാണ് തന്റെ ചോദ്യം. യുപിയില്‍ വിശാല സഖ്യം സാധ്യമാകില്ലെന്നാണ് ബിജെപി പറഞ്ഞത്. എന്നാല്‍ അതു സംഭവിച്ചു. ബിജെപി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റായും സിബിഐയായും സഖ്യം രൂപീകരിക്കുമ്പോള്‍ പ്രതിപക്ഷം ജനങ്ങളുമായാണ് സഖ്യം രൂപീകരിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു. 

ശക്തരായ പ്രാദേശിക പാര്‍ട്ടികളുടെ വരവ് കഴിഞ്ഞ 70 വര്‍ഷമായി രാജ്യം കാണുകയാണെന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഇത്തരം പാര്‍ട്ടികള്‍ അതതു സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചും ജനങ്ങളുടെ വികാരങ്ങളെ മനസ്സിലാക്കിയും മുന്നോട്ടുപോകുന്നതിനു പ്രാധാന്യം നല്‍കുന്നുണ്ട്. ഇന്ത്യ ശക്തമായ ജനാധിപത്യ രാജ്യമാണ്. എന്നാല്‍ ഇന്നതു ഭരിക്കുന്നത് ചില ജനാധിപത്യവിരുദ്ധരാണ്. തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കരുണാനിധി ധാരാളം കാര്യങ്ങള്‍ ചെയ്തു. യുപിയില്‍ എസ്പിയും ബിഎസ്പിയും സമാന കാര്യമാണു ചെയ്യുന്നത്. ചന്ദ്രബാബു നായിഡുവിന്റെ കാര്യവും വ്യത്യസ്തമല്ല. മമത ബാനര്‍ജി രാജ്യത്തെ സ്ത്രീകള്‍ക്കൊരു റോള്‍ മോഡലാണ്. അവര്‍ സംസ്ഥാനത്തെ സ്ത്രീകളെ ശാക്തീകരിക്കുന്നു.നോട്ട് നിരോധനം പാവപ്പെട്ടവരെ ബാധിച്ചു. രാജ്യത്തിന്റെ ഗ്രാമീണ മേഖലകളാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടത്. രാജ്യത്തെ ജനങ്ങള്‍ പറയുന്നതിനോടു ചെവിതിരിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. 

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍നിന്നു ബിജെപി സര്‍ക്കാരിനെ പുരത്താക്കാന്‍ പ്രതിപക്ഷം യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂറി. ബിജെപിയെ പുറത്താക്കണമെന്നതില്‍ രണ്ട് അഭിപ്രായമില്ല. അവരെ പുറത്താക്കി മഹാഭാരതത്തിലെ അര്‍ജുനനാകണമെന്നും അദ്ദേഹം പ്രതിപക്ഷ കക്ഷികളെ ഓര്‍മിപ്പിച്ചു. ബിജെപിക്കെതിരായി ഓരോ സ്ഥാനാര്‍ഥി മാത്രമേ മണ്ഡലങ്ങളിലുണ്ടാകാവൂ. രാജ്യത്തിനുവേണ്ടി ത്യാഗം സഹിക്കണം. മോദി - ഷാ സഖ്യത്തിന് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. എല്ലാ വിഷയത്തിലും ഈ സര്‍ക്കാര്‍ നുണ പറഞ്ഞു. രാജ്യത്തിനുമേലുള്ള പിടി അയഞ്ഞതായി മോദിക്കു മനസ്സിലായിട്ടുണ്ടെന്നും എ.ബി. വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ഷൂറി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com