'ബുദ്ധിയുള്ള സമൂഹം ആത്മഹത്യ ചെയ്യില്ല'; പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് അരുണ്‍ ജയ്റ്റ്‌ലി

ജനങ്ങള്‍ ഒരിക്കലും അനിശ്ചിതത്വം തെരഞ്ഞെടുക്കില്ല. പുരോഗമന സമൂഹം ഒരിക്കലും ആത്മഹത്യയ്ക്ക് തുനിയില്ലെന്നും ജെയ്റ്റ്‌ലി
'ബുദ്ധിയുള്ള സമൂഹം ആത്മഹത്യ ചെയ്യില്ല'; പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി : പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയും നരേന്ദ്രമോദിയും വീണ്ടും വിജയിക്കാന്‍ സാധ്യതയേറിയതോടെ, പ്രതിപക്ഷ പാര്‍ട്ടികള്‍ വിറളിപൂണ്ടിരിക്കുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇതിന്റെ ഭാഗമായാണ് ബിജെപി വിരുദ്ധ സഖ്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് ബ്ലോഗില്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. 

ജനങ്ങള്‍ ആഗ്രഹിക്കുന്നത് ആറുമാസത്തേക്കുള്ള സര്‍ക്കാരല്ല, അഞ്ചു വര്‍ഷം തികക്കുന്ന സ്ഥിരതയുള്ള സര്‍ക്കാരാണ്. രാഷ്ട്രീയക്കാര്‍ ചിന്തിക്കുന്നതിനെക്കാളും കൂടുതല്‍ ബുദ്ധിമാന്മാരാണ് ജനങ്ങള്‍.  അവര്‍ ഒരിക്കലും അനിശ്ചിതത്വം തെരഞ്ഞെടുക്കില്ല. പുരോഗമന സമൂഹം ഒരിക്കലും ആത്മഹത്യയ്ക്ക് തുനിയില്ലെന്നും, പ്രതിപക്ഷ മഹാസഖ്യനീക്കത്തെ പരിഹസിച്ച് ജെയ്റ്റ്‌ലി പറഞ്ഞു. 

പ്രതിപക്ഷത്തിന്റെ പ്രധാന രാഷ്ട്രീയ പ്രശ്‌നം നരേന്ദ്രമോദി അധികാരത്തില്‍ തുടരുമോ എന്നതുമാത്രമാണ്. അല്ലെങ്കില്‍ വ്യത്യസ്ത താല്‍പ്പര്യങ്ങളും നിലപാടുകളുമുള്ള പാര്‍ട്ടികള്‍ എങ്ങനെ ഒരുമിക്കുന്നു. മോദി അധികാരത്തില്‍ തുടരുമോ എന്ന ഭയം മാത്രമാണ് ഇതിന് അടിസ്ഥാനം. ബിജെപി പ്രതിപക്ഷത്തിന്റെ ഈ അജണ്ടയെ സ്വാഗതം ചെയ്യുകയാണ്. രാജ്യത്ത് ഇന്ന് ജനപ്രീതിയുള്ള ഏക നേതാവ് നരേന്ദ്രമോദിയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 

ബിജെപിക്കെതിരെ കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാറാലി നടന്നു. ഈ സഖ്യത്തില്‍ നിലവില്‍ നാലു പ്രധാനമന്ത്രിപദ മോഹികളാണുള്ളത്. മമത ബാനര്‍ജി, രാഹുല്‍ഗാന്ധി, മായാവതി, കെ ചന്ദ്രശേഖര റാവു എന്നിവര്‍. ഇതില്‍ മമത ഒഴികെ മറ്റു മൂന്നുപേരും റാലിക്കെത്തിയില്ല. ഇതില്‍ ബഹുഭൂരിപക്ഷം പാര്‍ട്ടികളും ബിജെപിക്കൊപ്പം പ്രവര്‍ത്തിച്ചവരാണ്. റാലിയില്‍ രാജ്യത്തിന്റെ ഭാവി സംബന്ധിച്ച ഒരു ആശയവും ഒരു നേതാവും മുന്നോട്ടുവെച്ചില്ല. നെഗറ്റീവിസമാണ് ഇവരുടെ സമീപനത്തില്‍ ഉണ്ടായിരുന്നതെന്നും ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com