'വോട്ടിങ് മെഷീനില്‍ തിരിമറി നടന്നിട്ടില്ല'; ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ പല പാര്‍ട്ടികളും ഹാക്ക് ചെയ്യണമെന്ന ആവശ്യവുമായി സമീപിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്
'വോട്ടിങ് മെഷീനില്‍ തിരിമറി നടന്നിട്ടില്ല'; ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

ന്യൂഡല്‍ഹി; വോട്ടിങ് മെഷീനില്‍ തിരിമറി നടത്തി രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചെന്ന യുഎസ് ഹാക്കറുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കയ്യടി നേടുന്നതിനു വേണ്ടിയാണ് ഇത്തരം ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും ഹാക്കര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും വാര്‍ത്താ കുറിപ്പിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അമേരിക്കന്‍ സൈബര്‍ വിദഗ്ധന്‍ സയിദ് ഷുജയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ പല പാര്‍ട്ടികളും ഹാക്ക് ചെയ്യണമെന്ന ആവശ്യവുമായി സമീപിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 

എന്നാല്‍ ഇവിഎം ഹാക്ക് ചെയ്യാനാവില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട് കമ്മിറ്റി അംഗമായ രജത് മൂണ പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള വയര്‍ലെസ്സ് കമ്മ്യൂണിക്കേഷനിലൂടെ ഒരുതരത്തിലുള്ള ഡാറ്റയും കൈമാറ്റം ചെയ്യാനോ സ്വീകരിക്കാനോ കഴിയാത്ത ഇത്തരം യന്ത്രങ്ങള്‍ ഹാക്കിങ് നടത്താന്‍ കഴിയാത്തതാണ് എന്നാണ് അദ്ദേഹം പറയുന്നത്. 

കൂടാതെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ആരോപണത്തിനെതിരേ രംഗത്തെത്തി. റഫാലിന് ശേഷമുള്ള മറ്റൊരു വലിയ നുണയാണ് ഇതെന്നായിരുന്നു ജെറ്റ്‌ലിയുടെ പ്രതികരണം. 

എസ്പി- ബിഎസ്പി സംഘടനകളാണ് തന്നെ വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ സമീപിച്ചതെന്ന് അദ്ദേഹം പറയുന്നു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ നിര്‍ണായകമായ പല തെരഞ്ഞെടുപ്പുകളിലും താന്‍ തിരിമറി നടനത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 2014ല്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്ന വിഎസ് സമ്പത്തിനും അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്കും ഇക്കാര്യം അറിയാം. അദ്ദേഹത്തിന്റെ മരണം കൊലപാതകമാണ്. ഇക്കാര്യം വെളിപ്പെടുത്താന്‍ ഇരിക്കെയാണ് റോഡപകടത്തില്‍ മുണ്ടെ മരിച്ചത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീന്‍ തിരിമറി നടത്തി. 

വോട്ടിങ് മെഷീനുകള്‍ നിര്‍മ്മിക്കുന്ന ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട് എന്നതും വെളിപ്പെടുത്തലിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.സ്‌കൈപ് വഴിയാണ് ഇദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com