കോണ്‍ഗ്രസിനെ 'അടിക്കാന്‍' രാജീവ് ഗാന്ധിയെ 'വടിയാക്കി' മോദി; 85 ശതമാനം അഴിമതിയും ബിജെപി ഇല്ലാതാക്കിയെന്ന് പ്രഖ്യാപനം

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രശസ്തമായ വാചകം ഉദ്ധരിച്ച് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
കോണ്‍ഗ്രസിനെ 'അടിക്കാന്‍' രാജീവ് ഗാന്ധിയെ 'വടിയാക്കി' മോദി; 85 ശതമാനം അഴിമതിയും ബിജെപി ഇല്ലാതാക്കിയെന്ന് പ്രഖ്യാപനം

വാരണാസി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രശസ്തമായ വാചകം ഉദ്ധരിച്ച് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രൂപയില്‍ 15 പൈസ മാത്രമാണ് ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുന്നതെന്നും അവശേഷിക്കുന്നത് അപ്രത്യക്ഷമാകുന്നതായും അഴിമതിയെ ഉദ്ദേശിച്ച് രാജീവ് ഗാന്ധി പറഞ്ഞ വാചകമാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ മോദി കടമെടുത്തത്. ഇത്രനാള്‍ രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസ് അഴിമതി തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മോദി കുറ്റപ്പെടുത്തി. വാരണാസിയില്‍ നടക്കുന്ന ത്രിദിന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ കോണ്‍ഗ്രസ് വിമര്‍ശനം. നീണ്ടക്കാലം രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസ് അഴിമതി തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കഴിഞ്ഞ നാലരവര്‍ഷത്തെ ബിജെപി ഭരണത്തില്‍ അഴിമതിയുടെ പേരിലുളള 85 ശതമാനം കൊളളയും അവസാനിപ്പിച്ചതായി മോദി പറഞ്ഞു. 

വിവിധ ക്ഷേമപദ്ധതികളിലായി 5,80,000 കോടി രൂപയാണ് കഴിഞ്ഞ നാലരവര്‍ഷക്കാലയളവില്‍ ജനങ്ങള്‍ക്ക് നേരിട്ട് കൈമാറിയത്. കോണ്‍ഗ്രസ് ഭരണത്തില്‍ ഇടത്തരക്കാര്‍ സത്യസന്ധമായി നികുതി അടച്ചപ്പോള്‍ ഈ 85 ശതമാനം കൊളള നിര്‍ബാധം തുടരുകയായിരുന്നുവെന്ന് മോദി ഓര്‍മ്മിപ്പിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ കൊളളയ്ക്ക് ബിജെപി സര്‍ക്കാര്‍ അറുതി വരുത്തിയത്. മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ അഴിമതി തടയാനുളള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നിശ്ചയദാര്‍ഢ്യത്തോടെയുളള ഇടപെടല്‍ ആയിരുന്നില്ലെന്നും മോദി പറഞ്ഞു.

പ്രവാസികളെ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മോദി വിശേഷിപ്പിച്ചു. രാജ്യത്തിന്റെ കഴിവുകളുടെ പ്രതീകങ്ങളാണ് അവര്‍ എന്നും മോദി പറഞ്ഞു. പ്രവാസികളുടെ സംഭാവനകളെ മാനിച്ച് ഇന്ന് ആരംഭിച്ച പ്രവാസി ഭാരതീയ ദിവസ് സമ്മേളനം 23ന് അവസാനിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com