നടന്‍ അജിത്ത് ബിജെപിയിലേക്കോ ? വസ്തുതയെന്ത്; നിലപാട് വ്യക്തമാക്കി തമിളിസൈ

തന്റെ നിലപാട് വ്യക്തമാക്കിയ അജിത്തിനെ അഭിനന്ദിക്കുന്നതായും തമിളിസൈ വ്യക്തമാക്കി
നടന്‍ അജിത്ത് ബിജെപിയിലേക്കോ ? വസ്തുതയെന്ത്; നിലപാട് വ്യക്തമാക്കി തമിളിസൈ

ചെന്നൈ: നടന്‍ അജിത്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കഴിഞ്ഞ ദിവസം താരം നേരിട്ടെത്തിയിരുന്നു. അജിത്തും ആരാധകരും പാര്‍ട്ടിയില്‍ ചേരുമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ തമിളിസൈ സൗന്ദരരാജന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് അജിത്തിന്റെ രാഷ്ട്രീയ പ്രവേശം ചര്‍ച്ചയായത്. 

എന്നാല്‍ അജിത്തിനെ ബിജെപിയിലേക്ക് ക്ഷണിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളി തമിളിസൈ തന്നെ ഇപ്പോള്‍ രംഗത്തെത്തി. രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി അജിത്ത് ആരാധകര്‍ക്കായി ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനെ സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കിയ തമിളിസൈ അജിത്തിനെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പറഞ്ഞു. വിഷയം വലിയ ചര്‍ച്ചയായതോടെ തന്റെ നിലപാട് വ്യക്തമാക്കിയ അജിത്തിനെ അഭിനന്ദിക്കുന്നതായും തമിളിസൈ വ്യക്തമാക്കി. 

രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ലെന്നും ഇപ്പോള്‍ ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ വോട്ട് ചെയ്യുക എന്നതിലൊതുങ്ങുന്ന രാഷ്ട്രീയ നിലപാടുകളെ തനിക്കുള്ളൂവെന്നും അജിത്ത് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ താന്‍ മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കാറില്ല. മാത്രമല്ല, അവ സ്വകാര്യമായിരിക്കണമെന്നാണ് ആഗ്രഹിക്കാറുള്ളത്. തന്റെ പേരോ ചിത്രമോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ദുരുപയോഗം ചെയ്യുന്നതിനെയും അജിത്ത് കുറിപ്പിലൂടെ അപലപിച്ചു. 

വ്യക്തിപരമായോ സിനിമകളിലൂടെയോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായോ നേതാവുമായോ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്നു സൂചനകള്‍ നല്‍കിയിട്ടില്ല. അഭിനയം മാത്രമാണ് തന്റെ തൊഴില്‍. കുറച്ചു കൊല്ലങ്ങള്‍ മുമ്പ് ഫാന്‍ ക്ലബുകള്‍ മുഴുവന്‍ പിരിച്ചു വിട്ടത് ഇതിന്റെ പേരിലാണ്. തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഇലക്ഷന്‍ അടുത്തിരിക്കുന്ന ഈ സമയത്ത് ഇത്തരം തെറ്റായ ആരോപണങ്ങള്‍ പുറത്തിറങ്ങുന്നത് തീര്‍ത്തും മോശമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ചേരാനുള്ള ഉദ്ദേശങ്ങളില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ചേര്‍ന്നു പോകുന്ന സംഘടനകളുമായി ബന്ധവും പുലര്‍ത്താറില്ല. തന്റെ ഫാന്‍സ് ക്ലബുകളും അങ്ങനെയായിരിക്കണമെന്നാണ് ആഗ്രഹമെന്നും കുറിപ്പില്‍ അജിത്ത് വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com