'ബലപരീക്ഷണത്തിന് ഇല്ല'; മോദിയുടെ പരേഡ് ഗ്രൗണ്ട് റാലി മാറ്റി 

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലെ കൊല്‍ക്കത്തയില്‍ നടത്താനിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി ബിജെപി റദ്ദാക്കി
'ബലപരീക്ഷണത്തിന് ഇല്ല'; മോദിയുടെ പരേഡ് ഗ്രൗണ്ട് റാലി മാറ്റി 

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലെ കൊല്‍ക്കത്തയില്‍ നടത്താനിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി ബിജെപി റദ്ദാക്കി. ദിവസങ്ങള്‍ക്ക് മുന്‍പ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ റാലി സംഘടിപ്പിച്ച ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ തന്നെയാണ് മോദിയുടെ റാലിയും നടത്താന്‍ നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിക്ക് പ്രകടമായ ജനബാഹുല്യം മോദിയുടെ റാലിയ്ക്ക് ഉറപ്പുവരുത്താന്‍ കഴിയുമോയെന്ന ആശങ്കയാണ് ബിജെപി തീരുമാനത്തില്‍ പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.പകരം ബംഗാളില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി മോദിയെ പങ്കെടുപ്പിച്ചുകൊണ്ട് മൂന്ന് റാലികള്‍ നടത്താന്‍ തീരുമാനിച്ചതായി ബിജെപി അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഫെബ്രുവരി എട്ടിന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നരേന്ദ്രമോദിയുടെ റാലി സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചിരുന്നത്. ഇതാണ് ചിലരാഷ്ട്രീയ കാരണങ്ങളാല്‍ ബിജെപി റദ്ദാക്കിയത്. പകരം അതേദിവസം കേന്ദ്രമന്ത്രി് ബാബുല്‍ സുപ്രിയോ പ്രതിനിധീകരിക്കുന്ന അസന്‍സോളില്‍ മോദി റാലിയെ അഭിസംബോധന ചെയ്യും. ഇതിന് പുറമെ ജനുവരി 28, ഫെബ്രുവരി രണ്ട് എന്നിവ അടക്കം ബംഗാളില്‍ മൂന്ന് റാലികളില്‍ മോദി പങ്കെടുക്കുമെന്ന് ബിജെപി അറിയിച്ചു.

കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ റാലി ബിജെപി വിരുദ്ധ മുന്നണിയുടെ ശക്തിപ്രകടനമായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റാലിയിലെ ജനപങ്കാളിത്തം ബിജെപി നേതൃത്വത്തെ ഞെട്ടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി നടന്ന സ്ഥലത്ത് വച്ച് മോദിയുടെ റാലി സംഘടിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ നേതൃത്വം എത്തിച്ചേര്‍ന്നതെന്നാണ് പുറത്തുവരുന്ന വിവരം. സമാനമായ ജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ സാധിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമോയെന്ന ഭയമാണ് ബിജെപി നേതൃത്വത്തിന്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ നിന്ന് 22 സീറ്റുകള്‍ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com