മമ്തയുടെ അനുവാദം വേണ്ട; ഹെലികോപ്റ്റര്‍ ഇറക്കാന്‍ സ്വകാര്യ സ്ഥലം കണ്ടെത്തി അമിത് ഷാ

വിവാദം ചൂടുപിടിച്ചതിന് പിന്നാലെയാണ് സ്വകാര്യ ഹെലിപ്പാഡ് ഉപയോഗിക്കാന്‍ ബിജെപി തീരുമാനിച്ചത്
മമ്തയുടെ അനുവാദം വേണ്ട; ഹെലികോപ്റ്റര്‍ ഇറക്കാന്‍ സ്വകാര്യ സ്ഥലം കണ്ടെത്തി അമിത് ഷാ

കൊല്‍ക്കത്ത; ബംഗാളില്‍ എത്തുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സ്വന്തമായി സ്ഥലം കണ്ടെത്തിയിരിക്കുകയാണ് അമിത്ഷാ. ഒരു സ്വകാര്യ റിസോര്‍ട്ടിന്റെ ഹെലിപാഡാണ് നേതാവ് ഉപയോഗിക്കുക. സംസ്ഥാന ബിജെപി നേതാക്കളാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. 

ചൊവ്വാഴ്ച നടക്കുന്ന റാലിയിലും മഹാസമ്മേളനത്തിലും പങ്കെടുക്കാനായിട്ടാണ് അമിത്ഷാ മാല്‍ഡയിലെത്തുന്നത്. ബംഗാളിലെ ഗോള്‍ഡന്‍പാര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് റോസോര്‍ട്ടിന്റെ ഹെലിപാഡാണ് ഇതിനായി ഉപയോഗിക്കുക എന്ന് വാര്‍ത്താക്കുറിപ്പിലൂടെ ബിജെപി അറിയിച്ചു. 
ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള മാള്‍ഡയിലെ ഹെലിപാഡില്‍ ഇറങ്ങാന്‍ അനുവാദം ചോദിച്ചെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഹെലികോപ്റ്റര്‍ ഇറക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. 

അമിത് ഷായുടെ ഹെലികോപ്റ്ററിന് മാള്‍ഡിയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ സര്‍ക്കാരിന്റെ ഹെലികോപ്റ്ററുകള്‍ ഇവിടെ ഇറങ്ങുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് വിമര്‍ശനമുയര്‍ത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് മാള്‍ഡയിലെ ഹെലിപാഡില്‍ ഇറങ്ങാന്‍ അമിത് ഷായ്ക്ക് അനുമതി നിഷേധിച്ചതെന്ന് മമതാ ബാനര്‍ജി വിശദീകരിച്ചു. പൊലീസ് നിര്‍ദേശിച്ചതനുസരിച്ച് തന്റെ ഹെലികോപ്റ്ററും കഴിഞ്ഞ ദിവസം മറ്റൊരിടത്താണ് ഇറക്കിയതെന്ന് മമത വിശദീകരിച്ചു.

വിവാദം ചൂടുപിടിച്ചതിന് പിന്നാലെയാണ് സ്വകാര്യ ഹെലിപ്പാഡ് ഉപയോഗിക്കാന്‍ ബിജെപി തീരുമാനിച്ചത്. മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യറാലി വിജയമായതിനു പിന്നാലെയാണ് അമിത് ഷായേയും മോദിയേയും പങ്കെടുപ്പിച്ചു കൊണ്ട് റാലി സംഘടിപ്പിക്കാന്‍ ബി ജെ പി തീരുമാനിച്ചത്. കഴിഞ്ഞ മാസം ബംഗാളില്‍ ബി ജെ പി നടത്താനിരുന്ന രഥയാത്രയ്ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com