ഇറ്റലിയിലേക്ക് മടങ്ങിപ്പോകൂ; രാഹുലിനെതിരെ അമേഠിയില്‍ കര്‍ഷക പ്രതിഷേധം

ഞങ്ങളുടെ ഭൂമി തട്ടിയെടുത്തു. ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. രാഹുല്‍ ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല, ഇറ്റലിയിലേക്ക് മടങ്ങണമെന്ന് പ്രതിഷേധക്കാര്‍
ഇറ്റലിയിലേക്ക് മടങ്ങിപ്പോകൂ; രാഹുലിനെതിരെ അമേഠിയില്‍ കര്‍ഷക പ്രതിഷേധം

ലഖ്‌നോ:  ലോക്‌സഭാ തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍. രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കിയ ഭൂമി തിരിച്ചു നല്‍കണമെന്നും അല്ലാത്തപക്ഷം ജോലി നല്‍കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ബുധനാഴ്ച മണ്ഡലത്തില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.

അമേഠിയില്‍ എംപിയായിരിക്കുമ്പോള്‍ രാജീവ് ഗാന്ധി ഉദ്ഘാടനം ചെയ്ത സൈക്കിള്‍ സാമ്രാട്ട് ഫാക്ടറിക്ക് മുന്നിലായിരുന്നു പ്രതിഷേധം.  ഞങ്ങളുടെ ഭൂമി തട്ടിയെടുത്തു. ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. രാഹുല്‍ ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല, ഇറ്റലിയിലേക്ക് മടങ്ങണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു

1980ല്‍ ജയിന്‍ സഹോദരന്മാരാണ് കസൂറിലെ വ്യാവസായിക മേഖലയില്‍ 65.57 ഏക്കര്‍ ഏറ്റെടുത്തത്.സൈക്കിള്‍ കമ്പനി നഷ്ടത്തിലായതോടെ വായ്പ തിരിച്ചുപിടിക്കാന്‍ ഭൂമി ലേലം ചെയ്തു. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റാണ് ഒന്നരലക്ഷം രൂപയ്ക്ക് ലേലം പിടിച്ചത്. എന്നാല്‍ ലേലം റദ്ദാക്കിയ കോടതി ഭൂമി യുപി വ്യവസായ വികസന കോര്‍പ്പറേഷനു തിരികെ നല്‍കാനും ഉത്തരവിട്ടു.

അന്നുമുതല്‍ രേഖകളില്‍ ഉടമസ്ഥാവകാശം കോര്‍പ്പറേഷനാണെങ്കിലും ഭൂമി കൈയ്യാളുന്നത് രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റാണ്. ട്രസ്റ്റിന്റെ മറവില്‍ രാഹുല്‍ ഗാന്ധി കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com