എസ് സി എസ്ടി നിയമഭേദഗതി : സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി

നിയമഭേദഗതികളും പുനഃപരിശോധന ഹര്‍ജികളും ഒന്നിച്ച് പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് പരിഗണിക്കും
എസ് സി എസ്ടി നിയമഭേദഗതി : സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി : പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമം ഭേദഗതി ചെയ്തത് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ എ കെ സിക്രി, അബ്ദുള്‍ നസീര്‍, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിയമഭേദഗതികളും പുനഃപരിശോധന ഹര്‍ജികളും ഒന്നിച്ച് പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടുന്നതായും കോടതി അറിയിച്ചു. കേസില്‍ സംസ്ഥാന സര്‍ക്കാരും കക്ഷി ചേര്‍ന്നിട്ടുണ്ട്.

പട്ടികജാതി‐ പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിൽ സുപ്രീംകോടതി കൊണ്ടുവന്ന മാറ്റങ്ങൾ മറികടക്കുന്നതിനായാണ് കേന്ദ്രസർക്കാർ പുതിയ നിയമഭേ​ദ​ഗതി കൊണ്ടുവന്നത്.  എസ് സി‐എസ്ടി നിയമപ്രകാരം കേസെടുക്കുന്നതിന് മുമ്പായി ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നും ആരെയെങ്കിലും അറസ്റ്റ‌്ചെയ്യുന്നതിന് മുമ്പായി ബന്ധപ്പെട്ട അധികാരകേന്ദ്രത്തിന്റെ അനുമതി വാങ്ങണമെന്നുമാണ് സുപ്രിം കോടതി വിധിച്ചത്. സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ‌്ചെയ്യുന്നതിന് മുമ്പായി മേലധികാരിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും കോടതി വിധിച്ചിരുന്നു. 

മാത്രമല്ല എസ് സി‐എസ്ടി നിയമപ്രകാരമുള്ള കേസുകളിൽ മുൻകൂർ ജാമ്യം പാടില്ലെന്ന വ്യവസ്ഥയും കോടതി എടുത്തുകളഞ്ഞിരുന്നു.  ഈ വിധിയെ മറികടക്കുന്നതിനുള്ള ബില്ലിൽ 18എ (ഒന്ന്) എന്ന പുതിയ വ്യവസ്ഥയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നിയമപ്രകാരം ഏത് വ്യക്തിക്കെതിരായും കേസെടുക്കുന്നതിന് പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഉപവകുപ്പിലെ ആദ്യവ്യവസ്ഥയിൽ പറയുന്നു. 
      
ഏതെങ്കിലും വ്യക്തിയുടെ അറസ്റ്റ‌് ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് ആരുടെയെങ്കിലും അനുമതി തേടേണ്ട ആവശ്യമില്ലെന്ന് ഉപവകുപ്പിന്റെ രണ്ടാംവ്യവസ്ഥയിൽ പറയുന്നു. എന്നാൽ, മുൻകൂർ ജാമ്യത്തിന്റെ കാര്യത്തിൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് മറികടക്കുന്നതിനുള്ള വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com