മേഘാലയ ഖനി ദുരന്തം : 42-ാം ദിവസം ഒരു മൃതദേഹം പുറത്തെത്തിച്ചു ; ഏതാനും അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ട്

മേഘാലയ ഖനി ദുരന്തം : 42-ാം ദിവസം ഒരു മൃതദേഹം പുറത്തെത്തിച്ചു ; ഏതാനും അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ട്

100 അടി താഴ്ചയില്‍ നിന്നുമാണ് അഴുകിയ നിലയില്‍ ഒരു മൃതദേഹം നാവിക സേന പുറത്തെടുത്തത്

ന്യൂഡല്‍ഹി : മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. 100 അടി താഴ്ചയില്‍ നിന്നുമാണ് അഴുകിയ നിലയില്‍ ഒരു മൃതദേഹം നാവിക സേന പുറത്തെടുത്തത്. മൃതദേഹം ഖനിയിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ചാണ് മൃതദേഹം പുറത്തെത്തിച്ചത്. 

42 ദിവസത്തിന് ശേഷമാണ് ഒരു മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം 17 ന് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഇത് പുറത്തെടുക്കാനുള്ള ശ്രമം വിജയിച്ചിരുന്നില്ല. 

ശേഷിക്കുന്ന 14 പേരുടെ മൃതദേഹവും പുറത്തെത്തിക്കാന്‍ നാവിക സേന ഊര്‍ജ്ജിത ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വിദൂര നിയന്ത്രിത വാഹനങ്ങളും ഡൈവര്‍മാരും ഖനിയില്‍ തിരച്ചില്‍  തുടരുകയാണ്. ഏതാനും അസ്ഥികൂടങ്ങള്‍  വിദൂര നിയന്ത്രിത വാഹനത്തിന്റെ റഡാറില്‍ പതിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇത് ഖനിയില്‍ കുടുങ്ങിയവരുടേതാണോ എന്ന് ഉറപ്പില്ലെന്നും നാവിക സേന അധികൃതര്‍ പറഞ്ഞു. 

കഴിഞ്ഞ മാസം 13 നാണ് 15 തൊഴിലാളികള്‍ ഖനിയില്‍ അകപ്പെട്ടത്. 370 അടിയോളം താഴ്ചയുള്ള ഖനിയിലെ 'എലിമാളങ്ങളില്‍' തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. തങ്ങള്‍ക്ക് അന്ത്യകര്‍മ്മം നടത്താനായി ഖനിയില്‍ കുടുങ്ങിയവരുടെ മൃതദേഹം എങ്കിലും പുറത്തെടുത്ത് തരണമെന്ന് കഴിഞ്ഞ ദിവസം തൊഴിലാളികളുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com