സിബിഐ തലപ്പത്തേക്ക് ആര്? 12 പേരടങ്ങിയ ചുരുക്കപ്പട്ടിക; തീരുമാനിക്കാന്‍ ഉന്നതാധികാര സമിതി യോഗം ഇന്ന്‌

ഇന്ന് ചേരുന്ന ഉന്നതാധികാര സമിതി ഈ ചുരുക്കപ്പട്ടിക പരിഗണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലാണ് യോഗം ചേരുക
സിബിഐ തലപ്പത്തേക്ക് ആര്? 12 പേരടങ്ങിയ ചുരുക്കപ്പട്ടിക; തീരുമാനിക്കാന്‍ ഉന്നതാധികാര സമിതി യോഗം ഇന്ന്‌

ന്യൂഡല്‍ഹി: മൂന്ന് മാസത്തോളമായി സിബിഐയില്‍ തുടരുന്ന പ്രതിസന്ധിക്ക് ഇന്നത്തോടെ പരിഹാരമായേക്കും. സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന 12 പേരുടെ ചുരുക്കപ്പട്ടിക തയ്യാറായതായി സൂചന. ഇന്ന് ചേരുന്ന ഉന്നതാധികാര സമിതി ഈ ചുരുക്കപ്പട്ടിക പരിഗണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലാണ് യോഗം ചേരുക. 

അലോക് വര്‍മയെ സിബിഐ തലപ്പത്ത് നിന്നും മാറ്റി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഉന്നതാധികാര സമിതി യോഗം ചേരുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് അംഗങ്ങള്‍. 1982-85 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരാണ് 12 പേരടങ്ങിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

സിനിയോറിറ്റി, പരിചയസമ്പത്ത്, അഴിമതി വിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്തതിലെ പ്രാവിണ്യം, സിബിഐയിലും സമാനമായ ചുമതലകള്‍ വഹിച്ചതിലുമുള്ള മികവ് എന്നിവ പരിഗണിച്ചാണ് 12 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ഗുജറാത്ത് ഡിജിപി ശിവാനന്ദ് ഝാ, സിഐഎസ്എഫ് ഡിജി രാജേശ് രഞ്ജന്‍, ബിഎസ്എഫ് ഡയറക്ടര്‍ രജനികാന്ത് മിശ്ര, എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ വൈ.സി.മോദി എന്നിവരാണ് പരിഗണനയിലുള്ള പ്രമുഖര്‍. 

ശിവാനന്ദ് ഝായ്ക്കാണ് പട്ടികയിലുള്ളവരില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. സിനിയോറിറ്റിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇദ്ദേഹത്തെ വ്യക്തിപരമായി അറിയാം എന്നതും ശിവാനന്ദിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇദ്ദേഹത്തെ സിബിഐ തലപ്പത്തേക്ക് കൊണ്ടുവരുമ്പോള്‍ ഗുജറാത്ത് ഡിജിപി പദവിയില്‍ വരുന്ന ഒഴിവിലേക്ക് രാകേഷ് അസ്താനിയെ നിയമിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com