'തെരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ടു ചെയ്യണം, അത് ഉത്തരവാദിത്വം നിറവേറ്റാനുള്ള അവസരം'; രാംനാഥ് കോവിന്ദ്

വിദ്യാഭ്യാസ, കലാ- കായിക മേഖലയില്‍ പെണ്‍കുട്ടികള്‍ കൈവരിച്ച വളര്‍ച്ചയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു
'തെരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ടു ചെയ്യണം, അത് ഉത്തരവാദിത്വം നിറവേറ്റാനുള്ള അവസരം'; രാംനാഥ് കോവിന്ദ്

ന്യൂഡല്‍ഹി; ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിയേണ്ട സമയത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ എല്ലാവരും തയാറാകണമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. 

ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം നിറവേറ്റാനുള്ള അവസരമാണ് ഈ വര്‍ഷം ലഭ്യമാകുന്നത്. 17-ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നമ്മളെല്ലാവരും വോട്ട് ചെയ്യാന്‍ തയാറാകണം. 21ാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ക്ക് വോട്ട് ചെയ്യാന്‍ കിട്ടുന്ന ആദ്യ അവസരമായിരിക്കും ഇതെന്ന പ്രത്യേകതയും ലോക്‌സഭാ തിരഞ്ഞെടുപ്പിനുണ്ടെന്നു റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു രാജ്യത്തെ അഭിസംബോധന ചെയ്തു രാഷ്ട്രപതി പറഞ്ഞു.

വിദ്യാഭ്യാസ, കലാ- കായിക മേഖലയില്‍ പെണ്‍കുട്ടികള്‍ കൈവരിച്ച വളര്‍ച്ചയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എല്ലാ മേഖലകളിലും പെണ്‍കുട്ടികള്‍ തന്റെ വ്യക്തിത്വം തെളിയിക്കുകയാണെന്നും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍മക്കളെക്കാള്‍ പെണ്‍മക്കളാണു മെഡലുകള്‍ സ്വന്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധി കാണിച്ചുതന്ന പാതയിലൂടെയാണ് രാജ്യം നീങ്ങേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'നമ്മളിലാണ് ഈ രാഷ്ട്രമുള്ളത്. അത് ഓരോ വ്യക്തിയിലും ഓരോ പൗരനിലുമുണ്ട്. ബഹുസ്വരതയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. നാനാത്വം, ജനാധിപത്യം, വികസനം എന്നീ മൂന്ന് കാര്യങ്ങളിലാണ് ഇന്ത്യന്‍ മാതൃക നിലനില്‍ക്കുന്നത്. ഇതില്‍ ഒന്നിനു മുകളില്‍ ഒന്ന് വരാന്‍ സാധിക്കില്ല. പക്ഷേ എല്ലാം നമുക്ക് ആവശ്യമാണ്' രാംനാഥ് കോവിന്ദ് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com