'തെറ്റായ വ്യാഖ്യാനത്തിന് ഇടയാക്കും' ; പത്മ പുരസ്‌കാരം നിരസിച്ച് നവീന്‍ പട്‌നായിക്കിന്റെ സഹോദരി ഗീത മെഹ്ത

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ സഹോദരിയും എഴുത്തുകാരിയുമായ ഗീത മെഹ്ത പത്മശ്രീ പുരസ്‌കാരം നിരസിച്ചു
'തെറ്റായ വ്യാഖ്യാനത്തിന് ഇടയാക്കും' ; പത്മ പുരസ്‌കാരം നിരസിച്ച് നവീന്‍ പട്‌നായിക്കിന്റെ സഹോദരി ഗീത മെഹ്ത

ന്യൂഡല്‍ഹി: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ സഹോദരിയും എഴുത്തുകാരിയുമായ ഗീത മെഹ്ത പത്മശ്രീ പുരസ്‌കാരം നിരസിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കെ പുരസ്‌കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഗീതാ മെഹ്ത്ത ന്യൂയോര്‍ക്കില്‍ വ്യക്തമാക്കി. ഇത് തനിക്കും കേന്ദ്ര സര്‍ക്കാരിനും ഒഡിഷ സര്‍ക്കാരിനും നാണക്കേടുണ്ടാക്കും. തൂക്കുസഭയുണ്ടായാല്‍ ബിജെഡിയെ ഒപ്പം കൂട്ടാന്‍ ബി ജെ പി ശ്രമിക്കുന്നുവെന്ന പ്രചരണമുള്ള സാഹചര്യത്തിലാണ് പത്മപുരസ്‌കാരം നിരസിക്കുന്നതെന്ന് ഗീതാ മെഹ്ത വ്യക്തമാക്കി.

 'പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടതിലൂടെ സര്‍ക്കാരിനാല്‍ ഞാന്‍ ആദരിക്കപ്പെടുകയായിരുന്നുവെന്ന് ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഗീത മെഹ്ത പറഞ്ഞു. പക്ഷെ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരമൊരു അവാര്‍ഡ് സ്വീകരിക്കുന്നത് പല രീതിയിലുള്ള തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. അത് ചിലപ്പോള്‍ എനിക്കും സര്‍ക്കാരിനും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

നേരത്തെ ഗീതാ മെഹ്തയും പ്രസാധകനായ ഭര്‍ത്താവ് സോണി മെഹ്തയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നവീന്‍ പട്‌നായിക്കിനെയും ബി.ജെ.ഡി.യെയും ചേര്‍ത്ത് നിര്‍ത്താനുള്ള ബി.ജെ.പി. തന്ത്രമായാണ് കൂടിക്കാഴ്ച വിലയിരുത്തപ്പെട്ടത്. വെള്ളിയാഴ്ച ഒഡീഷയില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നവീന്‍ പട്‌നായിക്കിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മോദിയെപ്പോലെ ഏകാധിപതിയാണ് നവീന്‍ പട്‌നായിക്ക് എന്നായിരുന്നു രാഹുലിന്റെ വിമര്‍ശം. മോദിയുടെ നിയന്ത്രണത്തിലാണ് പട്‌നായിക് പ്രവര്‍ത്തിക്കുന്നത് എന്നും രാഹുല്‍ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com