സാമ്പത്തിക കുറ്റവാളികളെ തേടി എയർ ഇന്ത്യ ബോയിങ് വിമാനം; ആരൊക്കെ വലയിലാകും...?

കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തിരിമറി നടത്തി വിദേശത്തേക്ക് കടന്ന കുറ്റവാളികളെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍
സാമ്പത്തിക കുറ്റവാളികളെ തേടി എയർ ഇന്ത്യ ബോയിങ് വിമാനം; ആരൊക്കെ വലയിലാകും...?

ന്യൂഡല്‍ഹി: കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തിരിമറി നടത്തി വിദേശത്തേക്ക് കടന്ന കുറ്റവാളികളെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. വെസ്റ്റിന്‍ഡീസ് രാഷ്ട്രമായ അന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയില്‍ കഴിയുന്ന മെഹുല്‍ ചോക്‌സി, ജതിന്‍ മെഹ്ത എന്നിവരെ ഉന്നമിട്ടാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും റിപ്പോര്‍ട്ടിലുണ്ട്. ചോക്‌സിയെ കൂടാതെ നീരവ് മോദിയേയും സംഘം ലക്ഷ്യമിടുന്നുണ്ട്.

ദൗത്യത്തിനായി എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര യാത്രയ്ക്കു ശേഷിയുള്ള പ്രത്യേക ബോയിങ് വിമാനം തയ്യാറാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് യാത്രയ്ക്ക് തയ്യാറെടുക്കുന്നതെന്ന് സൂചനകളുണ്ട്. ലക്ഷ്യത്തിലെത്തി 14 മണിക്കൂറിനു ശേഷം തിരികെ പുറപ്പെടാനാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  

സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട മെഹുല്‍ ചോക്‌സി, നീരവ് മോദി, വിജയ് മല്യ അടക്കമുള്ള നിരവധി പേര്‍ വിദേശത്താണുള്ളത്. ഇവരില്‍ പലരും വിദേശ പൗരത്വം നേടിയതായും വാര്‍ത്തകളുണ്ടായിരുന്നു. മെഹുല്‍ ചോക്‌സിക്ക് കരീബിയന്‍ രാജ്യമായ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയില്‍ പൗരത്വം ലഭിച്ചതായും സൂചനയുണ്ട്. ജതിന്‍ മെഹ്ത സെന്റ്. കിറ്റ്‌സ് നെവിസ് പൗരത്വവും സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരം ദ്വീപ് രാഷ്ട്രങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കുന്നതിനും അനുമതിയുണ്ട്. അതേസമയം നീരവ് മോദി കരീബിയന്‍ ദ്വീപ് രാഷ്ട്രങ്ങളില്‍ എവിടെയെങ്കിലും ഉള്ളതായി സംഘത്തിന് സൂചനകളൊന്നും കിട്ടിയിട്ടില്ല.

കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയുമായി ഉടമ്പടികളൊന്നുമില്ലാത്ത ഇത്തരം രാജ്യങ്ങള്‍ ഇവര്‍ക്ക് സുരക്ഷിത താവളങ്ങളാണ്. പണം മുടക്കി പൗരത്വം നേടാന്‍ സാധിക്കുന്ന രാജ്യങ്ങളിലേയ്ക്കാണ് സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യംവിട്ട പലരും ചേക്കേറിയിരിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com