വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യാൻ സാധിക്കും; അവകാശ വാദവുമായി മറ്റൊരു സാങ്കേതിക വിദ​ഗ്ധൻ

രാജ്യത്തുപയോ​ഗിക്കുന്ന വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടത്താമെന്ന അവകാശവാദവുമായി സാങ്കേതിക വിദഗ്ധന്‍ ഹരി കെ പ്രസാദ് രം​ഗത്ത്
വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യാൻ സാധിക്കും; അവകാശ വാദവുമായി മറ്റൊരു സാങ്കേതിക വിദ​ഗ്ധൻ

അമരാവതി: 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് വോട്ടിങ് മെഷീനിൽ കൃത്രിമം നടത്തിയെന്ന വെളിപ്പെടുത്തലുമായി സയിദ് ഷൂജ രം​ഗത്തെത്തിയത് വലിയ ചർച്ചകൾ വഴിവച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്തുപയോ​ഗിക്കുന്ന വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടത്താമെന്ന അവകാശവാദവുമായി സാങ്കേതിക വിദഗ്ധന്‍ ഹരി കെ പ്രസാദ് രം​ഗത്ത്. ട്വിറ്ററിലൂടെയാണ് ഹരി ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു സാങ്കേതിക ശക്തിക്കും വോ‌ട്ടിങ് മെഷീൻ ഹാക്കിങിലൂടെ തകർക്കാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദത്തിന് പിന്നാലെയാണ് ഹരി കെ പ്രസാദിന്റെ ട്വീറ്റ്. ആന്ധ്രാപ്രദേശ് സർക്കാരിന്റെ ഐടി ഉപദേഷ്ടാവാണ് ഹരി കെ പ്രസാദ്. 

നേരത്തെ ഇവിഎം ഹാക്ക് ചെയ്യാന്‍ സാങ്കേതിക വിദഗ്ധരേയും ശാസ്ത്രജ്ഞരേയും രാഷ്ട്രീയ പാര്‍ട്ടികളേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലുവിളിച്ചിരുന്നു. അതേസമയം സയിദ് ഷൂജ ആരോപിച്ചത് പോലെ സ്കൈപ്പ് ഉപയോഗിച്ച് ഇവിഎം ഹാക്ക് ചെയ്യാന്‍ ആവില്ലെന്നും ഹരി കെ പ്രസാദ് വ്യക്തമാക്കുന്നു. 

ഒൻപത് വർഷം മുൻപ് വോട്ടിങ് മെഷീൻ ഹാക്ക് ചെയ്ത വ്യക്തിയാണ് സാങ്കേതിക വിദഗ്ധർ ഹരി കെ പ്രസാദ്. 2010ലാണ് വോ‌‌ട്ടിങ് മെഷീനിൽ കൃത്രിമം സാധ്യമാ‌ണെന്ന്  ഹരി വീഡിയോ സഹിതം തെളിയിച്ചത്. ഇവിഎം ഹാക്കിങ് വാർത്തകൾ വീണ്ടും സജീവമായതോടെയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം കാണിക്കാമെന്ന വാദവുമായി ​ഹരി വീണ്ടും എത്തിയിരിക്കുന്നത്. 

നിയന്ത്രണങ്ങളോടെയുള്ളതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി. എന്നാല്‍ ഹാക്ക് ചെയ്യുന്നവര്‍ക്ക് ഒരു വിധത്തിലുള്ള നിയന്ത്രണവുമില്ല. ക്രിമിനലുകള്‍ നിയമങ്ങള്‍ അനുസരിച്ചല്ല ഹാക്ക് ചെയ്യുന്നതെന്നും ഹരി പറയുന്നു. ഹാക്കര്‍മാരെ വെല്ലുവിളിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വലിയ തെറ്റാണ് ചെയ്യുന്നതെന്നും ഹരി ട്വീറ്റില്‍ വ്യക്തമാക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com