രാജിക്കു തയാറെന്ന് കുമാരസ്വാമി; കര്‍ണാടകയില്‍ പുതിയ പ്രതിസന്ധി

കോണ്‍ഗ്രസ് എംഎല്‍എമാര്‍ അതിരുകടക്കുകയാണെന്നും ഇതു തുടര്‍ന്നാല്‍ രാജിവയ്ക്കുമെന്നും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി
രാജിക്കു തയാറെന്ന് കുമാരസ്വാമി; കര്‍ണാടകയില്‍ പുതിയ പ്രതിസന്ധി

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യസര്‍ക്കാര്‍ ഉലയുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ അതിരുകടക്കുകയാണെന്നും ഇതു തുടര്‍ന്നാല്‍ രാജിവയ്ക്കുമെന്നും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണം എന്ന് ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടതു ചൂണ്ടിക്കാട്ടിയപ്പോള്‍ വാര്‍ത്താ ഏജന്‍സിയോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ അതിരുവിട്ടു പ്രവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അവര്‍ ഇതു തുടര്‍ന്നാല്‍ ഞാന്‍ സ്ഥാനമൊഴിയാന്‍ തയറാണ്.- കുമാര സ്വാമി പറഞ്ഞു. 

ബംഗളൂരു സിറ്റിയിലെ വികസന പ്രവര്‍ത്തനങ്ങളെല്ലാം ഈ സര്‍ക്കാരിനു കീഴില്‍ മന്ദീഭവിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ എസ്ടി സോമശേഖര്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായ കാലത്തേതു പോലെ വികസനം നടക്കുന്നില്ല. സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പദത്തില്‍ വീണ്ടും അവസരം നല്‍കണമെന്നും സോമശേഖര്‍ ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞ മെയിലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അന്നു മുതല്‍ പലപ്പോഴായി പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് സര്‍ക്കാര്‍. കഴിഞ്ഞയാഴ്ച ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കു ചേക്കേറുന്നുവെന്ന സൂചനകള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com