അലോക് വര്‍മയുടെ രാജി സ്വീകരിക്കില്ല; അച്ചടക്ക നടപടി നേരിടേണ്ടിവരും, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞേക്കും

അലോക് വര്‍മയുടെ രാജി സ്വീകരിക്കില്ല; അച്ചടക്ക നടപടി നേരിടേണ്ടിവരും, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞേക്കും

മുന്‍ സിബിഐ മേധാവി അലോക് വര്‍മയുടെ രാജി സ്വീകരിക്കില്ലെന്നും ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുക്കാതിരുന്നതിന് അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുന്‍ സിബിഐ മേധാവി അലോക് വര്‍മയുടെ രാജി സ്വീകരിക്കില്ലെന്നും ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുക്കാതിരുന്നതിന് അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ട്. അലോക് വര്‍മക്ക് നല്‍കേണ്ട പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പിടിച്ചു വെക്കുമെന്നും ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമതി ആരോപണത്തേത്തുടര്‍ന്ന് സിബിഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയ അലോക് വര്‍മയെ സുപ്രീംകോടതി ഇടപെട്ട് വീണ്ടും തിരിച്ചുകൊണ്ടുവന്നുവെങ്കിലും 48 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി ഉള്‍പ്പെട്ട ഉന്നതാധികാര സമിതി അദ്ദേഹത്തെ പുറത്താക്കി. തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. 

അലോക് വര്‍മക്കെതിരേയുള്ള അന്വേഷണം അവസാനിക്കുന്നതുവരെ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കില്ലെന്ന് ഒരു മുതിര്‍ന്ന കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു. ജനുവരി 31നായിരുന്നു വര്‍മ വിരമിക്കേണ്ടിയിരുന്നത്. 

മോയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട ഹവാല കേസില്‍ ഹൈദരാബാദ് വ്യവസായി സതീഷ് സനയെ രക്ഷപ്പെടുത്താന്‍ അലോക് വര്‍മ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങി എന്നാണ് സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ആരോപിച്ചിരുന്നത്. ഇതുസംബന്ധിച്ച് സിവിസി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അലോക് വര്‍മയെ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com