തൊഴിലില്ലായ്മ റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥ അറിയില്ലെന്ന് നീതി ആയോഗ്; തൊഴിലുകള്‍ സൃഷ്ടിക്കാതെ രാജ്യത്തിന് 7.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ കഴിയുന്നത് എങ്ങനെ?

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തിയെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കാതെ നീതി ആയോഗ്
തൊഴിലില്ലായ്മ റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥ അറിയില്ലെന്ന് നീതി ആയോഗ്; തൊഴിലുകള്‍ സൃഷ്ടിക്കാതെ രാജ്യത്തിന് 7.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ കഴിയുന്നത് എങ്ങനെ?

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തിയെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കാതെ നീതി ആയോഗ്. റിപ്പോര്‍ട്ട് വസ്തുതാപരമാണോയെന്ന് ഉറപ്പുവരുത്തിയിട്ടില്ല. റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥ അറിയില്ലെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. 

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയെന്ന് ചൂണ്ടിക്കാണിക്കുന്ന നാഷണല്‍ സാമ്പിള്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് ബിജെപി സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇടക്കാല ബജറ്റിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേയാണ് റിപ്പോര്‍ട്ട് ചോര്‍ന്നത്. ഇത് രാഷ്ട്രീയമായി കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകള്‍ക്കിടയിലാണ് റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് നീതി ആയോഗ് രംഗത്തുവന്നത്.

തൊഴിലുകള്‍ സൃഷ്ടിക്കാതെ രാജ്യത്തിന് 7.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ഓര്‍മ്മപ്പെടുത്തുന്നു. ഗുണമേന്മ നിറഞ്ഞ ജോലികളുടെ എണ്ണത്തിലുളള അപര്യാപ്തതയാണ് മുഖ്യപ്രശ്‌നം. രാജ്യത്തിന് യഥാര്‍ത്ഥത്തില്‍ 70 ലക്ഷം തൊഴിലുകളാണ് ആവശ്യം. ഇത് പരിഹരിച്ചതായും അമിതാഭ് കാന്ത് പറയുന്നു.

രാജ്യത്ത് 78 ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചുവെന്നാണ് നീതിആയോഗിന്റെ ആഭ്യന്തര പരിശോധനയിലെ കണ്ടെത്തല്‍. എന്നാല്‍ കുറഞ്ഞ ഉല്‍പ്പാദനക്ഷമതയുളള കാര്‍ഷികമേഖലയില്‍ നിന്ന് നിരവധിപ്പേരാണ് കൊഴിഞ്ഞുപോകുന്നത്. ഭാവിയില്‍ വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നവര്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന തൊഴിലുകള്‍ക്കായി കാത്തിരിക്കുന്നതാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തലിന് കാരണമെന്ന് നീതി ആയോഗ് ചൂണ്ടിക്കാണിക്കുന്നു. 

നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്തെ തൊഴിലില്ലായ്മ കുത്തനെ കൂടിയെന്നാണ് ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ടു നിരോധനം തൊഴില്‍ മേഖലയെ തകര്‍ത്തെന്നായിരുന്നു സര്‍വേയിലെ കണ്ടെത്തല്‍.  2011-12ല്‍ തൊഴിലില്ലായ്മ നിരക്ക് 2.2 ശതമാനമായിരുന്നു. 2017-2018ല്‍ 6.1 ശതമാനമായി. ഗ്രാമ പ്രദേശത്തെക്കാളും നഗര പ്രദേശങ്ങളിലാണ് തൊഴിലില്ലായ്മ കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആഘാതം ഏറ്റവും അധികം ബാധിച്ചത് യുവാക്കളെയാണെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചെങ്കിലും കണ്ടെത്തലുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചതിനാല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.സി. മോഹനനും മറ്റൊരു അംഗവും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com