രാമനും കൃഷ്ണനും പുകവലിച്ചിരുന്നില്ല; പിന്നെ നമ്മളെന്തിന് ?; പുകവലി ഉപേക്ഷിക്കാൻ സന്യാസിമാരോട് ബാബ രാംദേവ്

വീട്, അച്ഛനമ്മമാർ, ബന്ധുക്കൾ ഉള്‍പ്പെടെ എല്ലാം ഉപേക്ഷിച്ച് സന്ന്യാസജീവിതം സ്വീകരിച്ചവരാണ് നമ്മൾ. പുകവലി കൂടി ഉപേക്ഷിക്കാന്‍ നമുക്കാവണം
രാമനും കൃഷ്ണനും പുകവലിച്ചിരുന്നില്ല; പിന്നെ നമ്മളെന്തിന് ?; പുകവലി ഉപേക്ഷിക്കാൻ സന്യാസിമാരോട് ബാബ രാംദേവ്

പ്രയാഗ് രാജ്: കുംഭമേളയ്ക്കിടെ പുകവലി ഉപേക്ഷിക്കാനുള്ള ആഹ്വാനവുമായി യോഗാ​ഗുരു ബാബാ രാംദേവ്. നാം ആരാധിക്കുന്ന രാമനോ കൃഷ്ണനോ ഒരിക്കലും പുകവലിച്ചിട്ടില്ല, പിന്നെ നമ്മളെന്തിന് പുകവലിക്കണമെന്ന് രാംദേവ് സന്യാസിമാരോട് ചോദിച്ചു.  വീട്, അച്ഛനമ്മമാർ, ബന്ധുക്കൾ ഉള്‍പ്പെടെ എല്ലാം ഉപേക്ഷിച്ച് സന്ന്യാസജീവിതം സ്വീകരിച്ചവരാണ് നമ്മൾ. അതു കൊണ്ട് പുകവലി കൂടി ഉപേക്ഷിക്കാന്‍ നമുക്കാവണം. രാം​ദേവ് ആവശ്യപ്പെട്ടു. 

മേളയ്ക്കിടെ നിരവധി ഋഷിമാരുടെ കൈയില്‍ നിന്ന് പുകവലിക്കാനുപയോഗിക്കുന്ന കളിമണ്ണ് കൊണ്ടുണ്ടാക്കിയ കുഴല്‍ വാങ്ങിയ രാംദേവ്, അവരെക്കൊണ്ട് ഇനി പുകയില ഉപയോഗിക്കില്ലെന്ന്  പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു.  സന്ന്യാസിമാരുടെ പക്കല്‍ നിന്ന് ശേഖരിച്ച ചിലമുകള്‍ ( പുക വലിക്കാനുപയോ​ഗിക്കുന്ന കുഴൽ) താന്‍ നിര്‍മിക്കുന്ന മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. 

55 ദിവസം നീണ്ടുനിൽക്കുന്ന കുംഭമേളയ്ക്ക് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മാർച്ച് നാലിനാണ് കുംഭമേള അവസാനിക്കുന്നത്. ഇക്കൊല്ലം കുംഭമേളയിൽ പങ്കെടുക്കാൻ 130 ദശലക്ഷം പേർ എത്തുമെന്നാണ് സംഘാടകർ കണക്കുകൂട്ടുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവർ കുംഭമേളയ്ക്ക് എത്തിയിരുന്നു. കോൺ​ഗ്രസ് നേതാക്കളായ രാഹുൽ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും കുംഭമേളയിൽ സംബന്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com