200 കോടിയുടെ വിവാഹം, 32,100 കിലോ മാലിന്യം, ഔലിയെ ക്ലീനാക്കിയത് എട്ട് ദിവസം കൊണ്ട്; ലക്ഷങ്ങള്‍ പിഴയിട്ടു

എല്ലാ ബില്ലുകളും പിഴയും ഉടന്‍ തന്നെ അടച്ചു തീര്‍ക്കാമെന്നും മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരെ അവര്‍ അറിയിച്ചിട്ടുണ്ട്
200 കോടിയുടെ വിവാഹം, 32,100 കിലോ മാലിന്യം, ഔലിയെ ക്ലീനാക്കിയത് എട്ട് ദിവസം കൊണ്ട്; ലക്ഷങ്ങള്‍ പിഴയിട്ടു

ഡെറാഡൂണ്‍; ആഡംബര വിവാഹത്തെ തുടര്‍ന്ന് മാലിന്യം നിറഞ്ഞ ഹിമാലയന്‍ വിനോദസഞ്ചാര കേന്ദ്രമായ ഉത്തരാഖണ്ഡിലെ ഔലിയില്‍ നിന്ന് മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കി. ജോഷിമത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരാണ് മാലിന്യങ്ങള്‍ നീക്കിയതായി അറിയിച്ചത്. 200 കോടി ചെലവിട്ട് നടത്തിയ വിവാഹത്തെ തുടര്‍ന്ന് 32100 കിലോ വരുന്ന മാലിന്യങ്ങളാണ് പ്രദേശത്ത് നിന്ന് നീക്കിയത്. സൗത്ത് ആഫ്രിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വ്യവസായികളില്‍ നിന്ന് പിഴ ഈടാക്കി. 

2.5 ലക്ഷം രൂപയാണ് ഇവര്‍ക്ക് പിഴയിട്ടിരിക്കുന്നത്. ഒരു ലക്ഷം പിഴയിട്ടിരിക്കുന്നത് തുറന്ന പ്രദേശങ്ങള്‍ ശുദ്ധീകരിച്ചതിനാണ്. 1.5 ലക്ഷം പിഴചുമത്തിയത് മാലിന്യമിട്ടതിനും. പരിപാടി നടത്തിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് ഇതിന്റെ ചലാന്‍ അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത് കൂടാതെ മാലിന്യം നീക്കിയതിന് 8.14 ലക്ഷം രൂപയുടെ ബില്ലും മുനിസിപ്പാലിറ്റി തയാറാക്കുന്നുണ്ട്. മാലിന്യ പ്രശ്‌നം വലിയ വിവാദമായതിനെ തുടര്‍ന്ന് വ്യവസായികള്‍ 5.54 ലക്ഷം രൂപ നേരത്തെ അടച്ചിരുന്നു. കൂടാതെ എല്ലാ ബില്ലുകളും പിഴയും ഉടന്‍ തന്നെ അടച്ചു തീര്‍ക്കാമെന്നും മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരെ അവര്‍ അറിയിച്ചിട്ടുണ്ട്. 

കഴിഞ്ഞ ആഴ്ചയാണ് വ്യവസായികളായ അജയ് ഗുപ്തയുടേയും അതുല്‍ ഗുപ്തയുടേയും മക്കളുടെ വിവാഹം ഔലിയിലെ പിക്ചറസ്‌ക്യു മൗണ്ടെയ്ന്‍ റിസോര്‍ട്ടില്‍ വെച്ച് നടന്നത്. നൈനിറ്റാള്‍ ഹൈക്കോടതിയുടെ തന്നെ കര്‍ശന നിരീക്ഷണത്തിലായിരുന്നു വിവാഹം. 150 പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ വിവാഹത്തിന് പിന്നാലെ നിരത്തുകളില്‍ പോലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയുകയായിരുന്നു.

ജൂണ്‍ 18 മുതല്‍ 22 വരെയായിരുന്നു വിവാഹ ചടങ്ങുകള്‍. കത്രിന കൈഫ് ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ വിവാഹത്തിനെത്തിയിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്, യോഗ ഗുരു ബാബാ രാംദേവ് എന്നിങ്ങനെ പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തു. 

വനം വകുപ്പ്, പരിസ്ഥിതി വകുപ്പ്, ജില്ലാ അധികൃതര്‍ എന്നിവരുള്‍പ്പെട്ട 13 അംഗ നിരീക്ഷണ സമിതിയേയും കോടതി നിയോഗിച്ചിരുന്നു. മൂന്ന് കോടി രൂപ ചമോലി ജില്ലാ അധികൃതര്‍ക്ക് മുന്‍പാകെ കുടുംബം കെട്ടിവയ്ക്കുകയും ചെയ്തു. പ്രളയം നാശം വിതച്ച ഇവിടെ ഇത്രയും വലിയ ചടങ്ങ് നടത്തുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചേക്കുമെന്ന പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തതോടെയാണ് കോടതി നിരീക്ഷണം വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com