കനത്ത മഴയില്‍ 'മുങ്ങി' മുംബൈ ; റെയില്‍വെ ട്രാക്കുകള്‍ വെള്ളത്തില്‍ ; നിരവധി ട്രെയിനുകള്‍ റദ്ദാക്കി; മഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം

ഇന്നലെ അർദ്ധരാത്രി 360 മില്ലിമീറ്റർ മഴയാണ് മുംബൈയിൽ ലഭിച്ചത്. ഇന്ന് രാവിലെ നാലിനും അഞ്ചിനും ഇടയിൽ മാത്രം 100 മില്ലിമീറ്റർ വരെ മഴ പെയ്തു
കനത്ത മഴയില്‍ 'മുങ്ങി' മുംബൈ ; റെയില്‍വെ ട്രാക്കുകള്‍ വെള്ളത്തില്‍ ; നിരവധി ട്രെയിനുകള്‍ റദ്ദാക്കി; മഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം


മുംബൈ : കാത്തിരുന്ന മണ്‍സൂണ്‍ തകര്‍ത്തുപെയ്തതോടെ മുംബൈ നഗരം വെള്ളത്തിലായി. തുടര്‍ച്ചയായാ നാലാംദിവസവും മുംബൈയിലും സമീപപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തിനടിയിലായി. ഇതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. 

സിയോണ്‍, മാട്ടുംഗ സ്‌റ്റേഷനുകള്‍ വെള്ളത്തിലാണ്. ഇതോടെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. കനത്ത മഴയെ തുടര്‍ന്ന് ട്രാക്കുകള്‍ വെള്ളത്തിനായതിനാല്‍ ഇതുവരെ 13 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. ദീര്‍ഘദൂര ട്രെയിനുകള്‍ പലതും വൈകിയാണ് ഓടുന്നത്. 

മുംബൈ–വൽസാദ്–സൂററ്റ് എന്നീ പ്രദേശങ്ങളിലേക്കുള്ള റയിൽ സർവീസുകൾ പൽഗാർ പ്രദേശത്തെ വെള്ളപ്പൊക്കത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. എന്നാൽ സർവീസുകൾ രാവിലെ എട്ടരയോടെ പുനസ്ഥാപിച്ചുവെന്ന് വെസ്റ്റേൺ റിയൽവേ ട്വീറ്റ് ചെയ്തു.കനത്ത മഴയിൽ ബാന്ദ്രയ്ക്കടുത്ത് ഖാറിലെ അടിപ്പാതയിൽ കഴിഞ്ഞ ദിവസം  വെള്ളം പൊങ്ങിയിരുന്നു.

ഇന്നലെ അർദ്ധരാത്രി 360 മില്ലിമീറ്റർ മഴയാണ് മുംബൈയിൽ ലഭിച്ചത്. ഇന്ന് രാവിലെ നാലിനും അഞ്ചിനും ഇടയിൽ മാത്രം 100 മില്ലിമീറ്റർ വരെ മഴ പെയ്തു. മുംബൈ, താനെ, റെയ്ഗഡ്, പല്ഗാർ എന്നീ പ്രദേശങ്ങളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വീടുകളിൽ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. 

കാറ്റിലും മഴയിലും ഇതുവരെ  മുംബൈ നഗരത്തിൽ 150 മരങ്ങൾ കടപുഴകുകയോ, ഒടിഞ്ഞുവീഴുകയോ ചെയ്തതായി ബിഎംസി അറിയിച്ചു. മുംബൈ നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 4 അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നു. മുംബൈയിൽ ജൂണിൽ ലഭിക്കേണ്ട മഴയുടെ 97% മഴ ഏതാനും ദിവസങ്ങൾക്കൊണ്ടു ലഭിച്ചെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com