മര്യാദയില്ലാത്ത പെരുമാറ്റവും ധാര്‍ഷ്ട്യവും അംഗീകരിക്കാന്‍ സാധിക്കില്ല; നിലപാട് വ്യക്തമാക്കി നരേന്ദ്ര മോദി

മര്യാദയില്ലാത്ത പെരുമാറ്റം പാര്‍ട്ടി പ്രവര്‍ത്തകന്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന കൃത്യമായ സന്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി
മര്യാദയില്ലാത്ത പെരുമാറ്റവും ധാര്‍ഷ്ട്യവും അംഗീകരിക്കാന്‍ സാധിക്കില്ല; നിലപാട് വ്യക്തമാക്കി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മര്യാദയില്ലാത്ത പെരുമാറ്റം പാര്‍ട്ടി പ്രവര്‍ത്തകന്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന കൃത്യമായ സന്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍സിപ്പല്‍ ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ടു മര്‍ദിച്ച ഇന്‍ഡോര്‍ ബിജെപി എംഎല്‍എ ആകാശ് വിജയ് വര്‍ഗീയയുടെ നടപടിയെ വിമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം. പാര്‍ലിമെന്റിന് പുറത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ബിജെപി എംപി രാജീവ് പ്രതാപ് റൂഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

നേതാക്കന്‍മാരുടെ മര്യാദയില്ലാത്ത പെരുമാറ്റം പാര്‍ട്ടിയുടെ പേര് കളങ്കപ്പെടുത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മോദി ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയെന്ന് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ഇക്കാര്യത്തില്‍ കൃത്യമായ സന്ദേശമാണ് അദ്ദേഹം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമായി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് ആരായാലും ആരുടെ മകനായാലും അത്തരം ധാര്‍ഷ്ട്യം നിറഞ്ഞ, മോശമായ പെരുമാറ്റം ക്ഷമിക്കാന്‍ കഴിയുന്നതല്ല. ഇക്കാര്യം പാര്‍ട്ടിയിലെ എല്ലാ അംഗങ്ങള്‍ക്കും ബധകമാണെന്നും മോദി വ്യക്തമാക്കിയതായി റൂഡി പറഞ്ഞു. 

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്‍ഡോര്‍ എംഎല്‍എയും മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയയുടെ മകനുമായ ആകാശ് വിജയ് വര്‍ഗീയ മുന്‍സിപ്പല്‍ ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ട് മര്‍ദിച്ചത്. സംഭവത്തിന് പിന്നാലെ എംഎല്‍എ അറസ്റ്റിലായിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ എംഎല്‍എയ്ക്ക് ബിജെപി പ്രവര്‍ത്തര്‍ സ്വീകരണം നല്‍കുകയും ചെയ്തിരുന്നു. 

അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എത്തിയ മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ ആകാശ് വിജയ്‌വര്‍ഗീയ മര്‍ദിച്ചത് വന്‍ വിവാദമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം എംല്‍എയ്ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. നാല് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഭോപ്പാലിലെ പ്രത്യേക കോടതി ആകാശിന് ജാമ്യം അനുവദിക്കുകയായിരുന്നു. 

ജയില്‍ മോചിതനായി പുറത്തിറങ്ങിയ ആകാശ് വിജയ്‌വര്‍ഗീയ താന്‍ കുറ്റക്കാരനല്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് അത് ചെയ്തത് എന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com