രാഹുല്‍ രാജിവയ്ക്കരുത്; എഐസിസി ആസ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മഹത്യാശ്രമം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനത്ത് നിന്ന് രാജിവയ്ക്കരുത് എന്നാവശ്യപ്പെട്ട് എഐസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമം
രാഹുല്‍ രാജിവയ്ക്കരുത്; എഐസിസി ആസ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മഹത്യാശ്രമം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനത്ത് നിന്ന് രാജിവയ്ക്കരുത് എന്നാവശ്യപ്പെട്ട് എഐസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമം. കോണ്‍ഗ്രസ് ഓഫീസിന് മുന്നിലെ മരത്തില്‍ കയറില്‍ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രവര്‍ത്തകനെ സുരക്ഷാ ഉദ്യോഗസ്ഥരും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. രാഹുല്‍ ഗാന്ധി രാജി തിരുമാനത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഇദ്ദേഹം പറഞ്ഞു. 

അതേസമയം, അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാനുള്ള രാഹുലിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടാകുമെന്ന് രാഹുലുമായി ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ അറിയിച്ചു. എന്നാല്‍ രാഹുലിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.  

''രാഹുല്‍ നിലപാടില്‍ അയവു വരുത്തിയിട്ടുണ്ട്. അല്ലെങ്കില്‍ രണ്ടു മണിക്കൂര്‍ നേരം അദ്ദേഹം ഞങ്ങളെ കേള്‍ക്കില്ലായിരുന്നു'' കൂടിക്കാഴ്ചയ്ക്കു ശേഷം പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു. അധ്യക്ഷ സ്ഥാനത്തു തുടരുമെന്ന് രാഹുല്‍ ഉറപ്പു പറഞ്ഞിട്ടില്ലെന്നു കൂട്ടിച്ചേര്‍ത്ത നാരായണ സ്വാമി കടുത്ത നിലപാടില്‍ അദ്ദേഹം അയവു വരുത്തിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ചു.

പാര്‍ട്ടിയെ പുനസംവിധാനം ചെയ്താല്‍ പൂര്‍ണ സ്വാതന്ത്ര്യവും പിന്തുണയുമാണ് ഞങ്ങള്‍ അദ്ദേഹത്തിന് ഉറപ്പു നല്‍കിയത്. ഏതു വിധത്തിലും അദ്ദേഹത്തിന് ഒപ്പം നില്‍ക്കാമെന്ന് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട് നാരായണസ്വാമി പറഞ്ഞു.ഹൃദയം തുറന്നുള്ള സംസാരമാണ് കൂടിക്കാഴ്ചയില്‍ ഉണ്ടായതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. രാഹുല്‍ നേതൃസ്ഥാനത്തു തുടരണമെന്ന, രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ് ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചത്. അത് അദ്ദേഹത്തിനു ബോധ്യമായിട്ടുണ്ടെന്നാണ് പ്രതീക്ഷ ഗെലോട്ട് പറഞ്ഞു.

നാരായണസ്വാമിക്കും ഗെലോട്ടിനും പുറമേ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

തോല്‍വിയുടെ ഉത്തരവാദിത്തം തങ്ങളുടേതു കൂടിയാണെന്ന് മുഖ്യമന്ത്രിമാര്‍ രാഹുലിനോടു പറഞ്ഞു. എന്നാല്‍ രാജി സന്നദ്ധത അറിയിച്ചെന്ന വാര്‍ത്തകളോട് മുഖ്യമന്ത്രിമാര്‍ പ്രതികരിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com