ജഡ്ജി നിയമനത്തില്‍ ജാതിയും സ്വജനപക്ഷപാതവും മാനദണ്ഡം ; കൊളീജിയം സമ്പ്രദായത്തിനെതിരെ പ്രധാനമന്ത്രിക്ക് ഹൈക്കോടതി ജഡ്ജിയുടെ കത്ത്

സുതാര്യതയില്ലായ്മ, ജാതീയത,സ്വജനപക്ഷപാതിത്വം തുടങ്ങിയവയാണ് ജഡ്ജിമാരെ നിയമിക്കുന്നതില്‍ കൊളീജിയം പാലിക്കുന്ന മാനദണ്ഡങ്ങള്‍
ജഡ്ജി നിയമനത്തില്‍ ജാതിയും സ്വജനപക്ഷപാതവും മാനദണ്ഡം ; കൊളീജിയം സമ്പ്രദായത്തിനെതിരെ പ്രധാനമന്ത്രിക്ക് ഹൈക്കോടതി ജഡ്ജിയുടെ കത്ത്

ന്യൂഡൽഹി : കൊളീജിയം സമ്പ്രദായത്തിനെതിരെ കടുത്ത ആക്ഷേപങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൈക്കോടതി ജഡ്ജിയുടെ കത്ത്.  അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രം​ഗനാഥ് പാണ്ഡെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. കൊളീജിയത്തിന്‍റെ നടപടികള്‍ സുതാര്യമല്ലെന്നും, ജഡ്ജിമാരുടെ നിയമനത്തില്‍ ജാതീയതയും സ്വജനപക്ഷപാതിത്വവും ഉളളതായും ജഡ്ജി കത്തിൽ ആരോപിക്കുന്നു. 

കുടുംബാധിപത്യം തകര്‍ത്ത് രണ്ടാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ടാണ് ജഡ്ജിയുടെ കത്ത് ആരംഭിക്കുന്നത്. തുടർന്നാണ് കൊളീജിയം സമ്പ്രദായത്തിനെതിരെ ജസ്റ്റിസ് പാണ്ഡെ ആരോപണം ഉന്നയിക്കുന്നത്. സുതാര്യതയില്ലായ്മ, ജാതീയത,സ്വജനപക്ഷപാതിത്വം തുടങ്ങിയവയാണ് ജഡ്ജിമാരെ നിയമിക്കുന്നതില്‍ കൊളീജിയം പാലിക്കുന്ന മാനദണ്ഡങ്ങള്‍. അടച്ചിട്ട മുറിയില്‍ കൊളീജിയം നടത്തുന്ന ചര്‍ച്ചകളും ഇടപെടലുകളും പുറംലോകം അറിയുന്നില്ല.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജൂഡീഷ്യല്‍ സര്‍വ്വീസ് കമ്മീഷന്‍ മികച്ച സംവിധാനമായിരുന്നുവെന്നും, അതിനെ ഇല്ലാതാക്കുകയാണ് സുപ്രിം കോടതി ചെയ്തതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്നയാള്‍ക്ക് കഴിവും അധ്വാനവും കൊണ്ട് ജഡ്ജിയായി വളരാന്‍ കഴിയുന്ന സാഹചര്യമല്ല ഉള്ളതെന്നും കത്തില്‍ പറയുന്നു. ജഡ്ജിമാരുടെ നിയമനത്തെയും സ്ഥലം മാറ്റത്തെയും ചൊല്ലി കേന്ദ്ര സര്‍ക്കാരും സുപ്രിംകോടതിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് കൊളീജിയത്തെ വിമര്‍ശിച്ച് ഹൈക്കോടതി ജഡ്ജി തന്നെ രം​ഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com