പാര്‍ക്കിങ് ഏരിയയിലെ വെള്ളക്കെട്ട് മാറ്റിയില്ല: കോര്‍പറേഷന്‍ ജീവനക്കാരനെ ആള്‍ക്കൂട്ടം മര്‍ദിച്ചു, വീഡിയോ

ഒരു കോര്‍പറേഷന്‍ ജീവനക്കാരനെ ആളുകള്‍ മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.
പാര്‍ക്കിങ് ഏരിയയിലെ വെള്ളക്കെട്ട് മാറ്റിയില്ല: കോര്‍പറേഷന്‍ ജീവനക്കാരനെ ആള്‍ക്കൂട്ടം മര്‍ദിച്ചു, വീഡിയോ

മുംബൈ: മുംബൈ നഗരം വെള്ളപ്പൊക്കത്താല്‍ വലയുകയാണ്. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നഗരവാസികള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പല സ്ഥലങ്ങളിലും വീടുകളിലും ഫ്‌ലാറ്റുകളിലും വ്യാപാരസ്ഥാപനങ്ങളിലുമെല്ലാം വെള്ളം കയറുകയും ഗതാഗത സംവിധാനങ്ങള്‍ താറുമാറാകുകയും ചെയ്തിട്ടുണ്ട്.

ഇതിന്റെയെല്ലാം വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. ഇതിനിടയില്‍ ഒരു കോര്‍പറേഷന്‍ ജീവനക്കാരനെ ആളുകള്‍ മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. താമസസ്ഥലത്തെ പാര്‍ക്കിങ് ഏരിയയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അത് വൃത്തിയാക്കാത്തതിനാണ് ജീവനക്കാരനെ ആളുകള്‍ മര്‍ദിക്കുന്നത്. 

മുംബൈയിലെ ഗണേഷ് നഗറിലുള്ള ഒരു കെട്ടിടത്തതിന്റെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവം നടക്കുന്നത്. അവിടെ വെള്ളം കയറിയെന്നാരോപിച്ച് കെട്ടിടത്തിലെ താമസക്കാരായ ചിലര്‍ ചേര്‍ന്ന് കോര്‍പറേഷന്‍ ജീവനക്കാരനായ യുവാവിനെ മര്‍ദ്ദിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഒരാള്‍ ജീവനക്കാരനെ വെള്ളത്തിലേക്ക് തള്ളിയിടുന്നതായും കാണാം.

വെള്ളത്തിനടിയിലായ ഇടങ്ങളിലൊക്കെ വെള്ളം നീക്കംചെയ്യുന്ന ജോലി പൂര്‍ത്തിയായതായി ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ അവകാശപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതരായാണ് താമസക്കാര്‍ യുവാവിനെ അക്രമിച്ചതെന്നാണ് വിവരം. 

കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ 60- 70 കാറുകള്‍ വെള്ളത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നും കോര്‍പറേഷന്‍ ജീവനക്കാര്‍ ഇതുവരെ വെള്ളം നീക്കം ചെയ്യുന്നതിന് ഇവിടെ എത്തിയില്ലെന്നും താമസക്കാര്‍ ആരോപിക്കുന്നുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിലുള്ള കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്ന് ജീവനക്കാരന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതാണ് തങ്ങളെ പ്രകോപിതരാക്കിയതെന്നും യുവാവിനെ മര്‍ദ്ദിച്ചവര്‍ പറയുന്നു.

നേരത്തെ റോഡിലെ കുഴികള്‍ കണ്ട് ക്ഷുഭിതരായ കോണ്‍ഗ്രസ് എംഎല്‍എ നിതേഷ് നാരായണ്‍ റാണെയും അനുയായികളും ചേര്‍ന്ന് പൊതുമരാമത്ത് എന്‍ജിയീറുടെ മേല്‍ ചെളിവെള്ളം ഒഴിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. 

മുംബൈ ഗോവ ഹൈവേയിലെ ഒരു സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തീകരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ എന്‍ജിനിയര്‍ക്കുമേല്‍ ചെളിവെള്ളമൊഴിക്കുകയും പാലത്തില്‍ കെട്ടിയിടുകയും ചെയ്തത്. ഹൈവേക്ക് സമീപമുള്ള ഒരു പാലത്തില്‍ എന്‍ജിനീയറെ കെട്ടിയിടുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com