വിശ്വാസം തലയിലല്ല ഹൃദയത്തിലാണ് ഉണ്ടാകേണ്ടത്; ഞാന്‍ ഇപ്പോഴും മുസ്ലീം; രഥയാത്രയില്‍ സിന്ദൂരപ്പൊട്ടണിഞ്ഞ് നുസ്രത്ത് ജഹാന്‍

എനിക്ക് എന്റെ മതം അറിയാം. ജന്മംകൊണ്ട് ഞാന്‍ ഒരു മുസ്ലീമാണ്, ഇപ്പോഴും ഒരു മുസ്ലീമാണ്. വിശ്വാസം ഉണ്ടാകേണ്ടത് തലയ്ക്കുള്ളിലല്ല ഹൃദയത്തിലാവണം
വിശ്വാസം തലയിലല്ല ഹൃദയത്തിലാണ് ഉണ്ടാകേണ്ടത്; ഞാന്‍ ഇപ്പോഴും മുസ്ലീം; രഥയാത്രയില്‍ സിന്ദൂരപ്പൊട്ടണിഞ്ഞ് നുസ്രത്ത് ജഹാന്‍

കൊല്‍ക്കത്ത: വിശ്വാസം തലയിലല്ല ഹൃദയത്തിലാണ് ഉണ്ടാവേണ്ടതെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ നുസ്രത്ത് ജഹാന്‍. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച രഥയാത്രയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു എംപിയുടെ പ്രതികരണം. പാര്‍ലമെന്റില്‍ സിന്ദുരപ്പൊട്ടും കുപ്പിവളയും ധരിച്ചെത്തിയതിന് പിന്നാലെ നുസ്രത്ത് ജഹാനെതിരെ ഒരു വിഭാഗം മതമൗലികവാദികള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എംപി.അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ക്ക് ഞാന്‍ ചെവികൊടുക്കാറില്ല. എനിക്ക് എന്റെ മതം അറിയാം. ജന്മംകൊണ്ട് ഞാന്‍ ഒരു മുസ്ലീമാണ്, ഇപ്പോഴും ഒരു മുസ്ലീമാണ്. വിശ്വാസം ഉണ്ടാകേണ്ടത് തലയ്ക്കുള്ളിലല്ല ഹൃദയത്തിലാവണം എന്നായിരുന്നു  മറുപടി. 

കൊല്‍ക്കത്തയില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ സംഘടിപ്പിച്ച രഥയാത്രയുടെ ഫ്ഌഗ് ഓഫിനായി മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം എത്തിയതായിരുന്നു നുസ്രത് ജഹാന്‍. സാരിയും സിന്ദൂരവും ധരിച്ചെത്തിയ എംപി പരിപാടിയ്ക്കിടെ ആരതി ഉഴിയുകയും തേങ്ങ ഉടയ്ക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

രഥയാത്രയില്‍ എംപിയെ പങ്കെടുപ്പിച്ചതില്‍ സംഘാടകരുടെ പ്രതികരണം ഇങ്ങനെ. നുസ്രത്ത് ജഹാന്‍ പുതിയ ഇന്ത്യയുടെ പ്രതിനിധിയാണ്. മറ്റുമതങ്ങളുടെ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതും ഉള്‍ക്കൊള്ളുന്നതും ഇന്ത്യയെ കൂടുതല്‍ മികച്ചതാക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com